മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അമാവാസി നാളില്‍ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തില്‍ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ആകാശത്തെ ചന്ദ്രനെ മറച്ച് ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ മാണിക്കനായാണ്‌ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മീശയില്ലാത്ത മോഹന്‍ലാലിന്റെ പുരികങ്ങള്‍ കണ്‍മഷി കൊണ്ട് കറുപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഇതു വരെ കാണാത്ത ഒരു ലുക്ക് തന്നെയാണ് ഒടിയന്‍ അവതരിപ്പിക്കുന്നത്. 

നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍  ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒടിയന്‍ മാണിക്കനെക്കുറിച്ചുള്ള ചെറിയ സൂചനകള്‍ നല്‍കുകയും ചെയ്തു. ഇരുട്ടില്‍ പുതച്ച് ഒരു നിഴല്‍രൂപം പോലെയായിരുന്നു ലാലിന്റെ വരവ്. എന്നിട്ട് മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു:

'ഞാന്‍ ഒടിയന്‍. അല്ല. ഒടിയന്‍ മാണിക്കന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തിയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍വെളിച്ചത്തിലാവുന്നതല്ലെ അതിന്റെ ഭംഗി. നാളെ രാവിലെ പതിനൊന്ന് മണിക്ക് കാണാം.' പൊട്ടിച്ചിരിച്ചുകൊണ്ട് ഇരുട്ടിന്റെ മറപറ്റി വന്ന കഥാപാത്രം പിന്‍വാങ്ങുകയും ചെയ്തു.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജിയാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുക. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ. സാബു സിറിളാണ് കലാസംവിധാനം.