മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഓടിയന് നേരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും  നെഗറ്റിവിറ്റി പരത്തി ഒരു ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി ഫെയ്​സ്ബുക്കിൽ കുറിച്ചു. ഒടിയന്‍ മാണിക്യനാവാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുള്ള വേദനയെങ്കിലും ഓര്‍ക്കണമെന്നും മേജര്‍ രവി തന്റെ കുറിപ്പില്‍ പറയുന്നു.

മേജര്‍ രവിയുടെ ഫെയ്​സ്ബുക്ക് പോസ്റ്റ് 

പല കാരണങ്ങള്‍ കൊണ്ടും കുറച്ച് നാളായി ഫെയ്‌സ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കണ്ടതിനുശേഷം  ചിത്രത്തെക്കുറിച്ച് എനിക്കെന്താണ് തോന്നിയത് എന്ന് പറയാന്‍ വീണ്ടും തിരിച്ചുവരണമെന്ന് തോന്നി. 

ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ മടക്കി തന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍, അത് പ്രേക്ഷകരെ അവരുടെ ഭാവനയുടെ അങ്ങേയറ്റത്ത് കൊണ്ടെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്..മേജര്‍ രവി കുറിച്ചു.

major

ചിത്രം അമിത പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. 

Content Highlights : Odiyan Movie Degrading failure Major Ravi facebook post Odiyan Mohanlal shrikumar Menon Manju