ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്ക്യന്റെ കഥ പറഞ്ഞ് മോഹന്‍ലാല്‍. കാശിയില്‍ നിന്ന് മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് വീഡിയോ ഒരുക്കിയത്. 

മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്ക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും അവിടെയുള്ള തിരക്കേറിയ നഗരങ്ങളിലും വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഒരുപാട് സംഭവവികാസങ്ങള്‍ മാണിക്ക്യനെ കാത്തിരിപ്പുണ്ട്. വെള്ളിത്തിരയില്‍ മാണിക്ക്യനായി എത്തുന്ന മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 

പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് മാണിക്ക്യനെന്നും വളരെ അടുത്ത് തന്നെ മാണിക്ക്യനായി ആരാധകരുടെ മുന്നില്‍ വീണ്ടുമെത്തുമെന്നും ലാല്‍ പറയുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറിനെയും സംഘട്ടനം ഒരുക്കിയ പീറ്റര്‍ ഹെയ്‌നിനെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ലാല്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.