ശബരിമലയില്‍ പോകേണ്ടെന്നു പറയുന്നു ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് തന്റെ മനസെന്നു തുറന്നു പറഞ്ഞ് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സ്വന്തം നിലപാടു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. കന്നിച്ചിത്രമായ ഒടിയന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടയില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം പറഞ്ഞത്.

'തീര്‍ച്ചയായും ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരാംശമില്ലാത്ത ഒന്നും തന്നെ നമുക്ക് ചുറ്റിലുമില്ല, ഉള്ളിലുമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകാനുള്ള കരുത്താണ് എനിക്ക് ഈശ്വരന്‍.

ശബരിമല വിഷയത്തില്‍, ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് എന്റെ മനസും'. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരങ്ങളെ ചോദ്യം ചെയ്തിട്ട് നമുക്കെന്തു കിട്ടാനാണെന്നും അദ്ദേഹം ചോദിക്കുന്നു.

'28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്'? ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു.

'പത്ത് സ്ത്രീകള്‍ പറയുകയാണ്. ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകണം. മറുപക്ഷത്ത് ഭൂരിഭാഗം പറയുന്നത് ഞങ്ങള്‍ക്ക് പോകണ്ട എന്നാണ്. ആ ഭൂരിഭാഗത്തെയാണ് ഞാന്‍ മാനിക്കുന്നത്'. അദ്ദേഹം പറഞ്ഞു.

Content Highlights : VA Shrikumar Menon On sabarimala Issue, VA sreekumar Menon Odiyan movie release mohanlal manju warrier odiyan