കെ.ജി.ക്ലാസുകളില്‍തന്നെ സിനിമ തലയ്ക്കുപിടിച്ച കുട്ടി. മോഹന്‍ലാലും രജനീകാന്തും അമിതാഭ്ബച്ചനുമായിരുന്നു അവന്റെ നായകന്മാര്‍. അവര്‍ക്കൊപ്പം വെള്ളിത്തിരയില്‍... അതായിരുന്നു സ്വപ്നം. അതിന്റെ സാക്ഷാത്കാരം അതിഗംഭീരമായതിന്റെ സന്തോഷത്തിലാണ് ഹരിത് സി.എന്‍.വി. എന്ന യുവതാരം. ഒടിയനിലെ രാകേഷ് എന്ന് പറഞ്ഞാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ആളെ മനസ്സിലാവും. മാണിക്ക്യന്‍ എന്ന ഒടിയനെ വെല്ലുവിളിക്കുന്ന പുതുതലമുറക്കാരന്‍. 

അവസാനത്തെ ഒടിവിദ്യക്ക് മാണിക്യനെ പ്രേരിപ്പിക്കുന്ന പ്രതിനായകന്‍. കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെയും എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെയും നേതൃത്വനായകനായി സഹകരണമേഖലയില്‍ വിജയകഥകളെഴുതിയ സി.എന്‍. വിജയകൃഷ്ണന്റെയും ഇ.വി. ഉഷയുടെയും മകനാണ് ഹരിത്. ഹരിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഒടിയന്‍. ആദ്യചിത്രം നോട്ട് ബുക്ക് ആയിരുന്നു, മീഞ്ചന്ത എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നോട്ട് ബുക്കില്‍  വേഷമിട്ടത്.  സ്‌കൂള്‍ ലീഡറുടെ വേഷമായിരുന്നു ചിത്രത്തില്‍.ആദ്യ സിനിമകഴിഞ്ഞ് പന്ത്രണ്ടുവര്‍ഷത്തെ ഇടവേള അതിനിടയില്‍ ബി.ബി.എ.യും എം.ബി.എ.യുമെല്ലാം കഴിഞ്ഞു.കുറേവര്‍ഷം വിദേശത്തായിരുന്നു എന്നാല്‍ സിനിമാഭ്രമം വിട്ടുപോയില്ല.

ഓഡിഷനിലൂടെയാണ് ഒടിയനിലേക്കെത്തുന്നത്. മോഹന്‍ലാല്‍, പ്രകാശ്രാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനായതിന്റെ ആഹ്ലാദമാണ് ഹരിത് പങ്കുവച്ചത്''ഒടിയനില്‍ അഭിനയിക്കുകമാത്രമായിരുന്നില്ല  സഹസംവിധായകനായി  പ്രവര്‍ത്തിക്കാനും കഴിഞ്ഞു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാര്‍ തന്നെയാണ് അസിസ്റ്റന്റ് ഡയറക്ടറായി കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇഷ്ടതാരങ്ങളുടെ ഭാവങ്ങള്‍ മാറുന്നത് കാണാന്‍ ക്ലാപ്പ് ബോയിക്കുള്ളത്രയും അവസരം വേറെയാര്‍ക്കും കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ലാലേട്ടന്റെ  ഭാവമാറ്റങ്ങള്‍ അത്രയുമടുത്ത് കാണാനുള്ള അവസരമുണ്ടായി എന്നത് വലിയകാര്യമായികാണുന്നു.'' ഒടിയന്റെ ഭാഗമായതോടെ ആളുകള്‍ തിരിച്ചറിയാന്‍തുടങ്ങിയെന്ന് ഹരിത് പറയുന്നു.പരിചയപ്പെടാന്‍ എത്തുന്നവരേയും ഒപ്പം ഫോട്ടോയെടുക്കാന്‍ എത്തുന്നവരേയും ആഹ്ലാദത്തോടെതന്നെ ഹരിത് സ്വീകരിക്കുന്നു. 

Conntent Highlights: odiyan actor harith cnv mohanlal shrikumar menon movie prakash raj manju