ഒഡിഷ ട്രെയിനപകടത്തിന്റെ ദൃശ്യം, ചിരഞ്ജീവി | ഫോട്ടോ: എ.എൻ.ഐ, www.facebook.com/ChiranjeeviFC
ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സിനിമാ മേഖലയിൽ നിന്നുള്ളവരും ഇതിൽപ്പെടുന്നു.
അപകടമേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോട് നടൻ ചിരഞ്ജീവി നടത്തിയ ആഹ്വാനമാണ് അതിൽ ശ്രദ്ധേയം. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസ്സിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ദാരുണമായ ട്രെയിൻ അപകടത്തിൽ മരിച്ച കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുശോചനമറിയിക്കുന്നതായി ജൂനിയർ എൻ.ടി.ആർ പ്രതികരിച്ചു. തന്റെ ചിന്തകൾ ഈ വിനാശകരമായ സംഭവത്തിൽ ബാധിതരായ ഓരോ വ്യക്തിയോടും ഒപ്പമാണ്. ഈ പ്രയാസകരമായ സമയത്ത് ശക്തിയും പിന്തുണയും അവർക്കുണ്ടാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബോളിവുഡ് താരം സൽമാൻ ഖാനാണ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മറ്റൊരു താരം. അപകടത്തെ കുറിച്ച് കേട്ടപ്പോൾ ശരിക്കും സങ്കടമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് പരിക്കേറ്റവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെയെന്നും അദ്ദേഹം എഴുതി.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമായത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.
ഒഡിഷയുടെ നാല് ദ്രുതകർമസേനാ യൂണിറ്റുകളും 15 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടർമാർ, 200 പോലീസുകാർ, 60 ആംബുലൻസുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Content Highlights: odisha train accident, coromandel express and other two trains accident, responses from film field
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..