മുംബെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന മേജറിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായെത്തുന്ന ശോഭിത ധുലിപാലയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നത്. മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികൾ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത ചിത്രത്തിലെത്തുന്നത്. 

2021 ജൂലൈ 2നാണ് മേജർ റിലീസ് ചെയ്യുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏപ്രിൽ 12ന് ചിത്രത്തിന്റെ മലയാളം ടീസർ പുറത്തിറങ്ങും. നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂൾ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കർ വിവരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരൻമാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights : sobhita dhulipala's Character poster from Major movie Adivi Sesh Major Sandeep unikrishnan biopic