നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയതാണ് താനും ജോഷിയും അകലാന്‍ കാരണമായതെന്ന്‌ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. ജോഷി തന്നോട് അത് ചെയ്തത് വിശ്വസിക്കാനായില്ലെന്നും ഡെന്നീസ് ജോസഫ് പറഞ്ഞു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നീസ്  ജോസഫ് മനസ്സു തുറന്നത്. 

''എന്റെ സ്‌ക്രിപ്റ്റുകള്‍ തിരുത്തലിന് അതീതമാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച് മാറ്റങ്ങള്‍ വരുത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാന്‍ അര്‍ഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങള്‍ മാനസികമായി അകന്നു. നായര്‍ സാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഞാനും ജോഷിയും ഭൂപതി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നു. 

സിനിമ സംവിധായകന്റെ കല ആണെന്ന് പറയുമെങ്കിലും വ്യക്തിപരമായ ബന്ധം വച്ച് ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു. ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ വൈരാഗ്യത്തിലാണ് എന്നൊന്നും ഇത് പറയുമ്പോള്‍ നിങ്ങള്‍ കരുതരുത്. ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വത്യാസം നമ്പര്‍ 20 മദ്രാസ് മെയിലിന്റെയും നായര്‍ സാബിന്റെയും സെക്കന്റ് ഹാഫില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.'' 

ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ 1990 ലാണ് പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, സോമന്‍, സുചിത്ര, ജഗദീഷ്, ജയഭാരതി, മണിയന്‍ പിള്ള രാജു എന്നിങ്ങനെ ഒരു വലിയതാര നിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തിയതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Content Highlights: number 20 madras mail movie joshy dennis joseph dispute mohanlal mammootty malayalam