ശബരിമലയില്‍ പ്രയാഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പേ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്നും ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. വിധി വന്നതിന് ശേഷവും സ്ത്രീകളെ ശബരിമലയില്‍  പ്രവേശിപ്പിക്കില്ലെന്ന് വാദിക്കുന്നവരെ  തിരുത്തിക്കൊണ്ടുള്ള എന്‍.എസ്.മാധവന്റെ ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്. 

ഒരുപാട് പഴക്കമുള്ള ആചാരങ്ങള്‍  എന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. 1972-ല്‍  മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍  നിന്ന് സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിന് മുമ്പ് സ്ത്രീ ഭക്തര്‍  സുഗമമായി ശബരിമലയില്‍  പോയ്‌ക്കൊണ്ടിരുന്നതാണെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

1986 ല്‍  ഒരു തമിഴ് സിനിമയ്ക്കു വേണ്ടി പതിനെട്ടാം പടിയില്‍  ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ട്. 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍  പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍  പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതന്നും എന്‍.എസ്.മാധവന്‍  പറഞ്ഞു.

കോടതി ചുമത്തിയ നിരോധനം മാറ്റാന്‍  സുപ്രീം കോടതിക്ക് അവകാശം ഉണ്ടെന്നും ചില പ്രത്യേക കാര്യങ്ങളില്‍  ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും എന്‍.എസ് മാധവന്‍  പറയുന്നു.
ഇപ്പോള്‍  ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്. ശബരിമലയില്‍  ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യമുണ്ടെന്നും എന്‍.എസ് മാധവന്‍  ട്വീറ്റ് ചെയ്തു.

ns

1986 ല്‍ പുറത്തിറങ്ങിയ 'നമ്പിനാര്‍ കെടുവതില്ലൈ' എന്ന ചിത്രത്തെയാണ് എന്‍.എസ് മാധവന്റെ ട്വീറ്റില്‍ പരാമര്‍ശിക്കുന്നത്. കടുത്ത അയ്യപ്പ ഭക്തനായ കെ.ശങ്കര്‍ സംവിധാനം ചെയ്ത ഒരു ഭക്തിചിത്രം ആണ് നമ്പിനാര്‍ കെടുവതില്ലൈ. പ്രഭു, വിജയകാന്ത്, ജയശ്രീ, സുധ ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് യുവനടിമാരെ കൊണ്ട് പതിനെട്ടാം പടിയില്‍ വച്ച് നൃത്തം ചെയ്യിച്ചതിന് കായകുളംകാരനായ ഒരു ഭക്തന്‍ നടിമാര്‍ക്കെതിരെ റാന്നി കോടതിയില്‍ കേസ് കൊടുത്തിരുന്നു. നടിമാരായ ജയശ്രീ, സുധ ചന്ദ്രന്‍, ആണ്, വടിവുക്കുറശ്ശി, മനോരമ തുടങ്ങിയവരായിരുന്നു കേസിലെ ഒന്ന് മുതല്‍ അഞ്ചു വരെ പ്രതികള്‍.  

NS Madhavan tweet on sabarimala women entry verdict tamil actress danced in pathinettam padi