ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ. മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിനെ പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ലെന്നും സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയതെന്നും എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.

"സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്.

ഇപ്പോൾ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല. അതും, സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് തോന്നുന്നില്ല."എൻ.എസ്. മാധവന്റെ ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ അധിക്ഷേപത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ടാവും. അതിന് വിമർശനങ്ങളുമുണ്ടാവും. എന്നാൽ അതിലേക്ക് അച്ഛൻ, അമ്മ പോലുള്ള വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുത്. അത് മാന്യതയല്ലെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ലക്ഷദ്വീപ് വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനെ എതിർത്തും പ്രതിഷേധമറിയിച്ചും നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു.

Content Highlights : NS Madhavan appreciates Suresh Gopi For supporting Prithviraj Cyber attack Lakshadweep issue