മംഗളൂരു: വിഖ്യാത സാക്‌സോഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീതസംവിധായകനാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

 നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ലായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതലാണ് സാക്‌സോഫോണിനോട് പ്രണയം തുടങ്ങിയത്. എന്‍.ഗോപാലകൃഷ്ണ അയ്യരില്‍ നിന്നാണ് സാക്‌സോഫോണ്‍ അഭ്യസിച്ചത്. ചെമ്പൈ സംഗീതോത്സവത്തിലായിരുന്നു ആദ്യ കച്ചേരി.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടെടുത്തു ഗോപാല്‍നാഥിന് തീര്‍ത്തും പാശ്ചാത്യ സംഗീതോപകരണമായ സാക്‌സോഫോണിനെ കര്‍ണാടക സംഗീതത്തിനുവേണ്ടി മെരുക്കിയെടുക്കാന്‍. 1970ല്‍ മുംബൈയില്‍ നടന്ന ജാസ് ഫെസ്റ്റിവലായിരുന്നു വഴിത്തിരിവ്. പിന്നീട് പ്രാഗ്, ബെര്‍ലിന്‍, മെക്‌സിക്കോ, പാസ്, എന്നിവിടങ്ങളിലെ ജാസ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മികവ് തെളിയിച്ചു. 1994ല്‍ ലണ്ടനില്‍ ബി.ബി.സിയുടെ പ്രൊമെനേഡ് കണ്‍സേര്‍ട്ടിലും പങ്കെടുത്തു. ഇതിലേയ്ക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ കര്‍ണാടക സംഗീതജ്ഞനാണ് ഗോപാല്‍നാഥ്.

 അങ്ങനെ സാക്‌സോഫോണ്‍ ചക്രവര്‍ത്തി എന്ന ഖ്യാതി സ്വന്തമാക്കി. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.

കെ. ബാലചന്ദറിന്റെ ഡ്യുയറ്റിനുവേണ്ടി സാക്‌സോഫോണ്‍ വായിച്ചു. എ. ആര്‍. റഹ്മാന്‍ തന്റെ നിരവധി ഗാനങ്ങള്‍ക്ക് ഗോപാല്‍നാഥിന്റെ പ്രതിഭ ഉപയോഗിച്ചിട്ടുണ്ട്. ഏതാണ്ട് മുപ്പത് രാഗങ്ങള്‍ ഗോപാല്‍നാഥ് റഹ്മാനുവേണ്ടി വായിച്ചിട്ടുണ്ട്.

വിഖ്യാത ജാസ് ഫഌട്ടിസ്റ്റ് ജെയിംസ് ന്യൂട്ടനുമായി ചേര്‍ന്ന് ഈസ്റ്റ്-വെസ്റ്റ് എന്നൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ത്യാഗരാജന്റെയും ബീഥോവന്റെയും കോമ്പോസിഷനുകളുടെ ഒരു സിംഫണിയായിരുന്നു ഇത്. അമേരിക്കന്‍ സാക്‌സോഫോണിസ്റ്റ് രുദ്രേഷ് മഹന്തപ്പയുമായി ചേര്‍ന്ന് കിന്‍സ്‌മെന്‍ എന്നൊരു ആല്‍ബവും ചെയ്തിട്ടുണ്ട്.

സംഗീത നാടക അക്കാദമി അവാര്‍ഡും സംഗീത കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Content Highlights: Kadri Gopalnath, Saxophone, Carnatic Music