1921 വീണ്ടും കണ്ടതോടെ ഇനി ഒരു വാരിയം കുന്നന്‍ സിനിമ എടുക്കേണ്ട ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞതായി സംവിധായകൻ ഒമര്‍ ലുലു. വാരിയം കുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്‍മാറിയതോടെയാണ് സിനിമ ഒരുക്കാമെന്ന് അറിയിച്ച് ഒമര്‍ ലുലു രംഗത്തെത്തിയത്. 15 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറുള്ള നിര്‍മാതാവിനെ തേടി ഒമര്‍ ലുലു ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 15 കോടിയും ബാബു ആന്റണിയും ഉണ്ടെങ്കില്‍ വാരിയം കുന്നന്‍ സിനിമ പുറത്തിറങ്ങുമെന്ന് പോസ്റ്റില്‍ ഒമര്‍ ലുലു കുറിക്കുകയും ചെയ്തു.  

എന്നാല്‍ സിനിമ ഒരുക്കുന്നതിന്റെ ഭാഗമായി 1921 എന്ന സിനിമ വീണ്ടും കണ്ടതോടെ ഇനി ഒരു വാരിയം കുന്നന്റെ ആവശ്യമില്ലെന്ന കാര്യം മനസ്സിലായതായി ഒമര്‍ ലുലു വെള്ളിയാഴ്ച വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.  ദാമോദരന്‍ മാഷും ശശി സാറും കൂടി വാരിയം കുന്നന്‍ മാത്രമല്ല ആലി മുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും 1921 ല്‍ ഭംഗിയായി പറഞ്ഞിട്ടുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. തന്റെ പോസ്റ്റ് കണ്ട് സിനിമ നിര്‍മിക്കാന്‍ തയ്യാറാണെന്നറിയിച്ച ഇസിഎച്ച് ഗ്രൂപ്പ് എംഡി ഇക്ബാല്‍ മാര്‍ക്കോണിയ്ക്ക് ഒമര്‍ ലുലു നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ഒമര്‍ ലുലുവിന്റെ പോസ്റ്റ്‌

മലബാര്‍ കലാപം ആസ്പദമാക്കി 1988 ലാണ് ഐവി ശശിയുടെ സംവിധാനത്തില്‍ 1921 എന്ന സിനിമ പുറത്തിറങ്ങിയത്. ടി ദാമോദരനായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയത്. മമ്മൂട്ടി, മധു, സുരേഷ് ഗോപി, മുകേഷ്, സീമ, ഉര്‍വശി തുടങ്ങി മുന്‍നിര താരങ്ങളെല്ലാം സിനിമയില്‍ അണിനിരന്നു. ജനപ്രിയചിത്രത്തിനും കലാമൂല്യമുള്ള ചിത്രത്തിനുമുള്ള അക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം 1921 നേടിയിരുന്നു. 

 

Content Highlights:  No need for another Vaariyam Kunnan novie says Omar Lulu in fb post