കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് 'ന്നാ താന്‍ കേസ്‌കൊട്' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്. 

മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്‍പര്യമുള്ള വനിതകളെയാണ് ഇത്തവണ വേണ്ടത്. 

''ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ നിങ്ങള്‍''- കാസ്റ്റിങ് കോളില്‍ ചോദിക്കുന്നു. 

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജീവിക്കുന്നവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. 

Content Highlights: nna thaan case kodu movie, casting call, Kunchako Boban, Ratheesh Balakrishna Poduval film