നടൻ ഇന്ദ്രൻസിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നിർമാതാവും പ്രൊഡക്ഷൻ കണ്ട്രോളറുമായ എൻ.എം ബാദുഷ. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രം ചർച്ചയാകുന്ന വേളയിലാണ് ബാദുഷയുടെ കുറിപ്പ്. താൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ രാത്രി വരെ മടി കൂടാതെ അഭിനയിച്ചിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രൻസിനെ കുറിച്ചാണ് അദ്ദേഹം കുറിക്കുന്നത്.

ബാദുഷയുടെ കുറിപ്പ്

ഹോമിൽ നിന്നും എന്റെ ‘മെയ്ഡ് ഇൻ കാരവാനിൽ’ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു.  ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്.  എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.

ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ.

Content Highlights : NM Badusha about Indrans, Home movie