Remya Suresh
തന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിക്കുന്നതിൽ സൈബർ സെല്ലിന് പരാതി നൽകി നടി രമ്യ സുരേഷ്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെൺകുട്ടിയുടെ നഗ്ന വിഡിയോ ആണ് രമ്യയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ വിശദീകരണവുമായി താരം രംഗത്തു വരികയും ചെയ്തു. കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് രമ്യ.
തന്റെ പരിചയത്തിലുള്ള ആളാണ് ഈ വീഡിയോയെ പറ്റി പറയുന്നതെന്നും തനിക്ക് അത് അയച്ചു തന്നതെന്നും രമ്യ പറയുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വീഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ചിത്രം കണ്ടാൽ തന്നെ പോലെയിരിക്കുന്നുവെന്നും ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചെന്നും രമ്യാ പറയുന്നു.
"അവർ പറഞ്ഞത് വച്ച് ആലപ്പുഴ എസ് പി ഓഫീസിൽ ചെന്ന് പരാതി കൊടുത്തു. ഇതുപോലുള്ള അമ്പത്തിയാറാമത്തെകേസ് ആയിരുന്നു അന്ന് എന്റേത്. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചു.
പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാൻ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലെ കുടുംബം.
സത്യത്തിൽ ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.
ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകൾ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയക്കുന്നവരും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവർ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്, അന്വേഷണം നടക്കുന്നുണ്ട്. കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. ദയവായി ഇനിയും എന്റെ പേരിൽ ഇത് പ്രചരിക്കരുത്. അത്രയും തകർന്നൊരു മനസുമായാണ് ഞാൻ നിൽക്കുന്നത്..." രമ്യ പറയുന്നു.
Content Highlights : Njan Prakashan Nizhal movie fame Remya Suresh complaints against Fake Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..