'തുറമുഖ'ത്തിൽ നിവിൻ പോളി
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിനായി പ്രേക്ഷകർക്കുള്ള കാത്തിരിപ്പുകൾക്ക് ആവേശമേകി ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. നടിയും സംവിധായികയുമായ ഗീതു മോഹൻദാസാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ജൂൺ 3 നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.എം. ചിദംബരന്റെ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗോപൻ ചിദംബരന്റേതാണ് തിരക്കഥ. സംവിധായകൻ രാജീവ് രവി തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. കെ സംഗീത സംവിധാനവും അൻവർ അലി ഗാനരചനയും നിർവഹിച്ചിരിക്കുന്നു. മാഫിയാ ശശി, ദിനേഷ് സുബ്ബരായൻ, പ്രഭു എന്നിവരാണ് സംഘട്ടന സംവിധാനം. ക്വീൻ മേരി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വാർത്താ പ്രചരണം -എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..