ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
മലയാളത്തിലെ പോലീസ് ചിത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ സിനിമയായിരുന്നു 2016-ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരും എന്നുള്ളതാണ് പുതിയ വാർത്ത.
നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്.

താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകൾ. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.
അടുത്തമാസം 22-നാണ് നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെ മഹാവീര്യർ പുറത്തിറങ്ങുന്നത്. ആസിഫ് അലി, ലാൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..