നിവിൻ പോളി | photo: facebook/nivin pauly
ഏറെ നാളത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ നിവിന്‍ പോളി ചിത്രം 'തുറമുഖം' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് പത്തിനാണ് തിയേറ്ററുകളില്‍ റിലീസാവുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വൈകിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിവിന്‍ പോളി. തുറമുഖത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു നടന്റെ പ്രതികരണം. ലിസ്റ്റിന്‍ സ്റ്റീഫനും ഒപ്പമുണ്ടായിരുന്നു. മൂന്ന് തവണ തുറമുഖത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.
'ഇത്രയധികം പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറ് കോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രമാണിത്. ഇത്രയും സാമ്പത്തിക പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്.
രാജീവേട്ടനാണെങ്കിലും നല്ല എഫര്‍ട്ട് എടുത്ത് കൂടെ നിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഒരു നിര്‍മാതാവിനെ ഏല്‍പ്പിക്കുമ്പോള്‍ തിരിച്ച് ഒരു മാന്യത കാണിക്കേണ്ടതായിരുന്നു. അത് അദ്ദേഹം കാണിച്ചില്ല. മൂന്ന് പ്രാവശ്യം റിലീസ് പ്ലാന്‍ ചെയ്യുമ്പോഴും പടം ഇറങ്ങുമോയെന്ന് ഞങ്ങള്‍ നിര്‍മാതാവിനോട് ചോദിക്കുന്നുണ്ടായിരുന്നു. റിലീസ് ആകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും ഞങ്ങളെ പ്രമോഷനും അഭിമുഖത്തിനുമൊക്കെ ഞങ്ങളെ വിടുകയും മീഡിയയെ അതിന് ഉപയോഗിക്കുകയും ചെയ്തത് നല്ലതായി തോന്നിയില്ല.
ചിത്രത്തിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഞാന്‍ ഏറ്റെടുത്താൽ സിനിമ റിലീസ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കോടികളുടെ ബാധ്യത തലയില്‍ വെക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നത്. ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിന്‍ ഈ പടം കണ്ടു, ഇഷ്ടപ്പെട്ടു. ലിസ്റ്റിന്‍ തന്റെ ബന്ധങ്ങള്‍ വെച്ച് ഓരോ കുരുക്കായി അഴിച്ചാണ് ഇത് വരെ എത്തിയത്. പോസ്റ്ററും ട്രെയിലറും ഒക്കെ ചെയ്യാന്‍ ലിസ്റ്റിന്റെ ടീം സിനിമയുടെ കൂടെ നിന്നു. അത് പോലെ ആരും നിന്നിട്ടില്ല. ലിസ്റ്റിന് സത്യം പറഞ്ഞാല്‍ ഈ സിനിമ എടുക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ പത്തിരുപത്തിയഞ്ച് പടം പ്രൊഡക്ഷനും ഇന്‍വെസ്റ്റമെന്റും ഒക്കെയായിട്ടുണ്ട്. ഇത്തരത്തില്‍ ഒരാള്‍ ഞങ്ങളുടെ കൂടെ നിന്നതില്‍ സന്തോഷത്തിലുപരി കടപ്പാടുണ്ട്, നിവിന്‍ പോളി പറഞ്ഞു.
തുറമുഖം റിലീസ് ചെയ്യാന്‍ മുന്‍കൈയെടുത്ത ലിസ്റ്റിന് വേദിയില്‍ വെച്ച് നിവിന്‍ പോളി നന്ദിയും അറിയിച്ചു. 'മട്ടാഞ്ചേരി മൊയ്തു' എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്.
Content Highlights: nivin pauly about thuramukham release and listin stephen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..