മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം കിട്ടിയിട്ടും അതു സ്വീകരിക്കാന്‍ പി.എസ്. നിവാസ് താത്പര്യം കാണിച്ചിരുന്നില്ലെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. അവാര്‍ഡ് സംഘാടകര്‍ തപാലില്‍ അയക്കുകയായിരുന്നു. തമ്പി സംവിധാനം ചെയ്ത ചിത്രമായ 'മോഹിനിയാട്ട'ത്തിലൂടെയാണ് നിവാസിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

പി.എസ്. നിവാസുമായി വളരെ നല്ല സൗഹൃദമായിരുന്നുവെന്ന് ശ്രീകുമാരന്‍തമ്പി പറഞ്ഞു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായിരുന്നപ്പോഴാണ് നിവാസിനെ പരിചയപ്പെട്ടത്. രണ്ടു പേരും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണ്. തുടര്‍ന്ന് മോഹിനിയാട്ടത്തിന്റെ ക്യാമറ നിവാസിനെ ഏല്‍പ്പിച്ചു. 1976-ലാണ് ആ ചിത്രം പുറത്തിറങ്ങിയത്. അക്കാലത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലെ മികച്ച ഛായാഗ്രഹണമായിരുന്നു അത്. നിവാസിന്റെ വിദഗ്ധമായ ആ ഛായാഗ്രഹണത്തിനാണ് അന്ന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

മോഹിനിയാട്ടം കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് തമിഴ് സംവിധായകനായ ഭാരതിരാജ '16 വയതിനിലെ' എന്ന ചിത്രത്തിന്റെ ക്യാമറ നിവാസിനെ ഏല്‍പ്പിച്ചത്. കളറില്‍ നിവാസിന്റെ ഗംഭീരമായ ചിത്രമായി അത്. തമിഴില്‍ തിരക്ക് കൂടിയതോടെ നിവാസിന് മലയാള സിനിമ കുറഞ്ഞു. പിന്നീട് അദ്ദേഹം സംവിധാനരംഗത്തേക്ക് കടന്നു.

Content Highlights: PS Nivas Cinematographer, Sreenivasan passed away, sreekumaran Thampi