മഹാനടി എന്ന ചിത്രത്തിലൂടെ മുന്‍കാല നടി സാവിത്രിയായി സ്‌ക്രീനിലെത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ച കീര്‍ത്തി സുരേഷ് ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ നിത്യാമേനോനും സാവിത്രിയാവാന്‍ ഒരുങ്ങുന്നു. മുന്‍കാല നടനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന നന്ദമുറി തരക രാമ റാവു(എന്‍ടിആര്‍)വിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിലാണ് നിത്യാമേനോന്‍ പഴയകാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിത്യാമേനോന്‍ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 1962 ല്‍ ഇറങ്ങിയ ഗുണ്ടമ്മ കഥ എന്ന ചിത്രത്തിലെ ഒരു സീന്‍ പോസ്റ്ററിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. പോസ്റ്ററില്‍ എന്‍ ടി ആറായി ബാലകൃഷ്ണയും സാവിത്രിയായി നിത്യാമേനോനുമാണ് എത്തിയിരിക്കുന്നത്. സാവിത്രി അമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു, എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്.  

എന്‍ടിആറിന്റെ ജീവചരിത്രം സ്‌ക്രീനിലെത്തിക്കുന്ന ചിത്രം രണ്ടു ഭാഗമായാണ് ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് കഥാനായകുഡു  എന്നും രണ്ടാം ഭാഗത്തിന് മഹാനായകുഡു  എന്നുമാണ് പേരുകള്‍. ആദ്യഭാഗം 2019 ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം 2020 ജനുവരി 26 നും. എന്‍ടിആറിന്റെ ജീവിതത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്. 

അച്ഛന്റെ വേഷത്തില്‍ മകന്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ എന്‍ടി ആറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് നന്ദമുറി ബാലകൃഷ്ണയാണ്. ബാലകൃഷ്ണ തന്നെയാണ് എന്‍ബികെ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ബസവതമ്മയായി വിദ്യാബാലനും ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബാട്ടിയും അക്കിനേനി നാഗരാജേശ്വര റാവുവായി, സുമുന്തും കൃഷ്ണയായി മഹേഷ് ബാബുവും, നാഗി റെഡ്ഢിയായി പ്രകാശ് രാജുവും ചിത്രത്തിലെത്തുന്നുണ്ട്.

കൈ നിറയെ ചിത്രങ്ങളാണ് വരും വര്‍ഷത്തില്‍ നിത്യക്ക്. കന്നി ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍, വി കെ പ്രകാശിന്റെ സംവിധാനത്തില്‍ വിവിധ ഭാഷയില്‍ പുറത്തിറങ്ങുന്ന പ്രാണ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായും നിത്യ വൈകാതെ സ്‌ക്രീനിലെത്തും.