പരസ്യചിത്രങ്ങളിലൂടെ സിനിമയിലെത്തിയ നടിയാണ് നിത്യമേനോന്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലൊക്കെ അഭിനയിച്ച് തന്റെ സര്‍ഗപ്രതിഭ തെളിയിച്ച നടി നല്ലൊരു ഗായിക കൂടിയാണ്. എന്നാല്‍ മലയാളസിനിമയില്‍ ഇടക്കാലത്ത് ഈ നടിയുടെ സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. ഒരു സിനിമാചിത്രീകരണത്തിനിടെ നിര്‍മ്മാതാക്കളുടെ അസോസിയേഷന് ഭാരവാഹികള്‍ നടിയെ നേരില്‍ കാണാന്‍ ചെന്നപ്പോള്‍ അവരോട് മോശമായി പെരുമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. അതിനു പിന്നാലെ അഹങ്കാരിയെന്നും വിലക്കേര്‍പ്പെടുത്തിയ നടിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ നടിയെ തേടി വന്നു. ഇപ്പോള്‍ ആ സംഭവങ്ങളെ ഓര്‍ത്തെടുക്കുകയാണ് നിത്യ. ഒരു സ്വാകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടയില്‍ അന്ന് സംഭവിച്ചതെന്തെന്ന് ആദ്യമായി തുറന്നു പറയുകയാണ് നടി.
'എന്റെ അമ്മയ്ക്ക് ക്യാന്‍സറായിരുന്നു. എങ്കിലും ഞാനൊരാള് പിന്മാറുന്ന കാരണം ഷൂട്ട് മുടങ്ങേണ്ടെന്നു കരുതി ഞാന്‍ ഷൂട്ടിന് വരുകയായിരുന്നു. ടി കെ രാജീവ് കുമാര്‍ സാറിന്റെ സിനിമയാണ്. എനിക്കദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. എന്റെ സ്വകാര്യ തിരക്കുകള്‍ കൊണ്ട് ഒരു സിനിമയ്ക്കോ മറ്റൊരാള്‍ക്കോ ബുദ്ധിമുട്ടുണ്ടാതിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തില്‍ ഇന്നേവരെ അത്തരത്തില്‍ ഒരാളെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ആകെ തകര്‍ന്നിരിക്കയായിരുന്നു ഞാന്‍. എന്റെ അമ്മയ്ക്കിങ്ങനെ സംഭവിക്കുമെന്നൊന്നും പ്രതീക്ഷിച്ചതേയല്ല. ഞങ്ങള്‍ക്കെല്ലാം ഏറെ ബുദ്ധിമുട്ടായിരുന്നു ഉള്‍ക്കൊള്ളാന്‍. ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലെത്തിയിരുന്നു. ഞാന്‍ നന്നെ ചെറുപ്പവുമായിരുന്നു.
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇതെല്ലാം.
'ഷൂട്ടിന് ചെല്ലും. കഴിഞ്ഞാല്‍ തിരിച്ച് മുറിയിലേക്ക് മടങ്ങും. അതായിരുന്നു അന്നത്തെ ദിനചര്യ. റൂമിലെത്തിയാല്‍ കരച്ചില് തുടങ്ങും. മുറിയില്‍ ഒറ്റക്കിരുന്ന് കരയും. ഷോട്ട് റെഡിയെന്നു പറയുമ്പോള്‍ മുഖത്ത് മേക്കപ്പ് ധരിച്ച് വീണ്ടും ഷൂട്ടിനെത്തും. നമ്മളൊക്കെ മനുഷ്യന്മാരാണ്. നമുക്കും സങ്കടങ്ങളുണ്ട്. അതൊന്നും മനസിലാക്കാതെയാണ് വിമര്‍ശിക്കുന്നത്. ഞാന്‍ ഓര്‍ക്കുന്നുണ്ട്. പ്രായമേറിയ ദമ്പതികളുടെ റൂമിലാണ് ഞാനിരുന്നിരുന്നത്. 'ഇവിടെയിരുന്നോളൂ ' എന്നൊക്കെ പറഞ്ഞ് അവര്‍ തന്നെ എന്നെ അവിടെയിരുത്തുകയായിരുന്നു. ആ മുറിയില്‍ മേരി മാതാവിന്റെ ചിത്രമുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കു മുമ്പില്‍ നിത്യവും പ്രാര്‍ഥിക്കാന്‍ തുടങ്ങി. അമ്മയ്ക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍. കടുത്ത തലവേദനയുമുണ്ടാകാറുള്ള കാലമായിരുന്നു. ചിലപ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നൊക്കെ ചാടാന്‍ തോന്നും, അത്ര വേദനയാണ്.. മൈഗ്രെയ്ന് ഉള്ള ആളുകള്‍ക്ക് അറിയാം അതിനെപ്പറ്റി. അങ്ങനെയൊക്കെയായിരുന്നു അന്ന്. ഷൂട്ട് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം.
ഒരു ഇരുപതു മിനിട്ട് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനു തയ്യാറെടുക്കുക, പോയി ഷൂട്ട് ചെയ്യുക എന്നതു മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. പെട്ടെന്ന് മുറിയിലേക്ക് കുറെ ആളുകള്‍ കയറി വരികയാണ്. മുമ്പെക്കൂട്ടി അറിയിക്കുകയോ ഒന്നും ചെയ്യാതെ. പ്രശസ്തരായ ആളുകളെയൊക്കെ അറിഞ്ഞു വയ്ക്കുന്ന ആളൊന്നുമല്ല, ഞാന്‍. അവരെ അറിയില്ല. സാഹചര്യം ഇങ്ങനെയൊക്കെ ആയതു കൊണ്ട് ഞാന്‍ അവരോട് പറഞ്ഞു. നമുക്ക് പിന്നീട് സംസാരിക്കാം. സമയം നിശ്ചയിച്ച് ഹോട്ടലിലോ മറ്റോ മീറ്റ് ചെയ്യാമെന്ന്. ഇപ്പോള്‍ ഷൂട്ട് നടക്കുകയല്ലേ എന്നും പറഞ്ഞു.
ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ആ കഥാപാത്രത്തില്‍ നിന്നും വിട്ടുമാറാന്‍. ഇതാണ് അന്ന് സംഭവിച്ചത്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല, ഇതൊന്നും. ശരിക്കും അവരുടെ ഈഗോവിനെ അത് വേദനിപ്പിച്ചു. അതാണ് സംഭവിച്ചത്. എനിക്കല്ല, അവര്‍ക്കാണ് ഈഗോ. ഞാന്‍ ഒരുപാട് ആലോചിച്ചു. അതെല്ലാം മറന്നു കളയാമെന്നു മനസു പറഞ്ഞു. അന്ന് വന്നതാരാണെന്നു പോലും പിന്നീട് ഞാന്‍ അന്വേഷിച്ചിട്ടില്ല. അറിയണമെന്നേ ഇല്ല എനിക്ക്. ആ സംഭവത്തിന് ഞാന്‍ പ്രാധാന്യമേ കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ സംഭവം എന്റെ അഭിനയജീവിതത്തെ ബാധിച്ചുവെന്നും കരുതുന്നില്ല. കാരണം, അതിനു ശേഷമാണ് ഞാന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുന്നത്.' നിത്യ പറഞ്ഞു.
Content Highlights : Nithya Menen opens up about the incident when producer asoociation members came to meet her, Nithya Menen talks about gossips and criticisms against her