കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയെ നായകനാക്കി 'കാവല്‍' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് നിതിനിപ്പോള്‍.  അതിന്റെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിധിന്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. നിതിന്റെ ആദ്യ ചിത്രമായ 'കസബ'യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വതി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇത് വലിയവിവാദമാവുകയും ചെയ്തു.

''കസബയില്‍ നിന്ന് ഏറെ വ്യത്യസ്തമായ ചിത്രമാണ് കാവലെന്ന് നിതിന്‍ പറയുന്നു. വ്യക്തി ബന്ധങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതില്‍ രാഷ്ട്രീയ ശരിയുടെ കാര്യം വരുന്നില്ല. ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. 

പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. അത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം. ഒരു താരത്തെ വെച്ച് കച്ചവട സിനിമ ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന എന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ചെയ്യുന്നത്. വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ശരിയാവുകയോ തെറ്റിപ്പോവുകയോ ചെയ്യാം. അത് പ്രവചിക്കാന്‍ സാധിക്കില്ല, കാരണം പുലിമുരുഗനും കുമ്പളങി നൈറ്റ്സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്''- നിതിന്‍ പറയുന്നു.

90 കളില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന പല ഘടകങ്ങളുമുള്ള ചിത്രമായിരിക്കും കാവലെന്നും നിതിന്‍ പറഞ്ഞു.

''സുരേഷ് ഗോപിക്കൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്, കിങ് ആന്റ് കമ്മീഷ്ണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപി എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. അതെല്ലാം എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. അച്ഛന്‍ രഞ്ജി പണിക്കര്‍ തന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നുവെന്നതും വലിയ അനുഭവമാണ്. അച്ഛന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമ''- നിതിന്‍ പറയുന്നു.

Content Highlights: Nithin Renji Panicker kaaval Movie suresh Gopi political correctness Kasaba Controversy