രുപാട് കാലങ്ങളായി വെട്ടുകിളി പ്രകാശ് എന്ന നടന്‍ മലയാള സിനിമയിലെത്തിയിട്ട്. എന്നാല്‍ അദ്ദേഹത്തിനെ നാം തിരിച്ചറിയാന്‍ കാലം ഏറെ വേണ്ടിവന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട് തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ വെട്ടുക്കിളി അവതരിപ്പിച്ച ശ്രീകണ്ഠന്‍ നമ്മെ വിട്ടുപോകില്ല.

അഭിനയം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് വെട്ടുകിളിയിപ്പോള്‍. അതിനുദാഹരണമാണ് ഈ ഫെയിസ്ബുക്ക് പോസ്റ്റ്. 'പ്രണയ മൊഴികള്‍' എന്ന് കവിതയ്‌ക്കൊപ്പം സിനിമയിലെ തന്റെ മകളുടെ കഥാപാത്രത്തിനായി ഒരു സ്‌നേഹ സന്ദേശവും അദ്ദേഹം പങ്കുവയ്ക്കുന്നു:

വെട്ടുകിളി​ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ മകള്‍ ശ്രീജേ,

മോള്‍ക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല. മോള്‍ടെ, പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛന്‍ ബഹുമാനിക്കുന്നു, വിലമതിക്കുന്നു. പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാല്‍,- അത് മോള്‍ക്ക് താനെ മനസ്സിലായിക്കൊള്ളും.... എന്റെ മോള്‍ക്ക് കുഞ്ഞുങ്ങളുണ്ടായി വളര്‍ന്ന് അവരെ കെട്ടിച്ചയക്കാന്‍ പ്രായമാകുമ്പോള്‍ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോള്‍ ശബ്ദ ശൂന്യമാണ്... സാരമില്ല, പുകയില കൃഷിയിടത്തില്‍ വെള്ളം കിട്ടിയല്ലൊ. ഇനി എനിക്കു സമാധാനമായി. അതിനാല്‍ മോള്‍ക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ, അച്ഛന്‍ പ്രണയമൊഴികളുടെ ഒരു 'ഹൃദയാഭരണം ' കൊടുത്തയ്ക്കുന്നു - നിന്റെ ചേച്ചി വശം. ഗര്‍ഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവള്‍ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോള്‍ നീ അച്ഛന്റെ സ്‌നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്‌തേക്കാം.പക്ഷേ ഇഷ്ടമായാല്‍ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പിന്നെ കാസര്‍കോഡ് നഗരമേഖലയില്‍ ഒരു കള്ളന്‍ തോള്‍ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്. 

'പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്...' ഇന്‍ലെന്റ് ലെറ്റര്‍ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവന്‍ മിടുക്കനാണ്. അതിനാല്‍ അച്ഛന്‍ മോള്‍ക്ക് തന്നയക്കുന്ന ഈ സമ്മാനം അവന്‍ മോഷ്ടിച്ചെടുക്കാന്‍ ഇടവരരുത്....

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങള്‍ നല്‍കിയ 'പോത്ത പുഷ്‌കര സജീവാദി രാജീവ' ഗണങ്ങളുടെ അനുഗ്രഹം, എന്നും മോള്‍ക്കുണ്ടാകുമാറാകട്ടെ..
സ്‌നേഹത്തോടെ അച്ഛന്‍.

vettukili prakash