മഞ്ജു വാര്യർ, നിലമ്പൂർ ആയിഷ | photo: screen grab
മഞ്ജു വാര്യര്‍ നായികയായെത്തിയ ആയിഷ കാണാന്‍ നടി നിലമ്പൂര്‍ ആയിഷ തിയേറ്ററില്‍ എത്തി. ചിത്രത്തിന്റെ സംവിധായകന് അമീര്‍ പള്ളിക്കലും നായിക മഞ്ജു വാര്യരും സംഗീത സംവിധായകന് ജയചന്ദ്രനും നിലമ്പൂര്‍ ആയിഷയ്ക്കൊപ്പം എത്തിയിരുന്നു.
നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം, സാങ്കല്പ്പികമായ ഒരു ലോകത്ത് നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
'ആയിഷ' കണ്ടപ്പോള്‍ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും താന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് തോന്നിയെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. ഒരുപാട് കഷ്ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെയധികം പെര്‍ഫെക്ടാക്കി തന്നുവെന്നതില് സന്തോഷമുണ്ട്. ഞാന്‍ മരിച്ചുപോയാലും ഇത് ബാക്കിയാവുമെന്നും ആയിഷ പറഞ്ഞു.
കലാകാരന്മാര്ക്ക് മരണമില്ലെന്ന് ഇതിനോട് ചേര്‍ത്ത് മഞ്ജു വാര്യര്‍ പറഞ്ഞു. നമ്മളൊക്കെ ഭാഗ്യം ചെയ്ത ജന്മങ്ങളാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ആയിഷ ഇത്ത പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമായി എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
കേരളത്തിലെ കലാസാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന വ്യക്തികളിലൊന്നാണ് നിലമ്പൂര്‍ ആയിഷ. 1950-കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയ നിലമ്പൂര്‍ ആയിഷ കലാരംഗത്തെ മുസ്ലീം വനിതകളുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു. സമുദായത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് നാടകലോകത്ത് തന്റേതായ ഇടംനേടാന്‍ ഇവര്‍ക്കായി.
കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ ആയിഷ വ്യത്യസ്ത കഥാപാത്രങ്ങളായി നിറഞ്ഞാടി. നാടകത്തില്‍ മാത്രമല്ല, കണ്ടം ബെച്ച കോട്ട്, സുബൈദ, കുട്ടികുപ്പായം, ഓളവും തീരവും, കുപ്പിവള തുടങ്ങി 2022-ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ വരെ എത്തി നില്ക്കുന്നു ആയിഷയുടെ സിനിമാ ജീവിതം.
Content Highlights: nilambur ayisha about manju warrier movie ayisha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..