കന്യയും നിലായും, പൊന്നിയിൻ സെൽവനിൽ കുന്ദവൈ ആയി നിലാ | ഫോട്ടോ: www.instagram.com/bharathikanya_offl/, www.facebook.com/kavitha.bharathy
ഇന്ത്യയിലെമ്പാടും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ 2. വമ്പൻ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തിൽ. ചിത്രം ഇറങ്ങിയപ്പോൾ ഒരു താരം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. നായികമാരിൽ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു അത്. നിലാ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷൻ കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും.
തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടൻ കവിതാ ഭാരതിയുടെയും നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് മലയാളികൾക്കെല്ലാം സുപരിചിതയായ നടി കന്യയുടേയും മകളാണ് നിലാ. 'കുട്ടി കുന്ദവൈയെ കണ്ടാൽ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്' എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. പി.എസ് 2-ൽനിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും നിലായുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പോസ്റ്റുകൾക്കും പ്രതികരണമറിയിച്ച് നിരവധി പേരാണ് എത്തിയത്. കുന്ദവെയായുള്ള നിലായുടെ പ്രകടനത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് ഏവരും. പൊന്നിയിൻ സെൽവൻ 2-ൽ കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആരാണെന്നുള്ള അന്വേഷണത്തിന് ഇതോടെ അവസാനമായെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ 200 കോടി നേടിയിരിക്കുകയാണ് 'പൊന്നിയിൻ സെൽവൻ 2'. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ. എന്നിവിടങ്ങളിൽ ഒട്ടേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെനിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'പൊന്നിയിൻ സെൽവൻ' ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. 500 കോടിയാണ് ബോക്‌സ്ഓഫീസിൽനിന്ന് നേടിയത്. 'പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം' ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: nila in ponniyin selvan 2, actress kanya bharathi's daughter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..