വിവാഹമോചന വാര്‍ത്തകളോട്  പ്രതികരിച്ച് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്റെ മുന്‍ ഭര്‍ത്താവ് നിഖില്‍ ജെയിന്‍. തങ്ങളുടെ വിവാഹം നിയമപരമായിരുന്നില്ലെന്നും നേരത്തേ വേര്‍പിരിഞ്ഞതാണെന്നും നുസ്രത്ത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിഖില്‍ ജെയിന്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നുസ്രത്തിനോട് ഞാന്‍ ഒരുപാട് തവണ അപേക്ഷിച്ചു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല.  വിവാഹം കഴിഞ്ഞ് ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോഴാണ് നുസ്രത്തിന്റെ സ്വഭാവത്തില്‍ കാര്യമായി മാറ്റങ്ങള്‍ പ്രകടമായത്. എനിക്കും എന്റെ മാതാപിതാക്കള്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ വാസ്തവമില്ല- നിഖില്‍ ജെയ്ന്‍ പറഞ്ഞു.

വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല. ഞങ്ങളുടേതിനെ വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതെന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത്- ഇതായിരുന്നു നുസ്രത്തിന്റെ പ്രതികരണം.

തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്സഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തിരുന്നു.

Content Highlights: Nikhil Jain claims Nusrat Jahan always avoided getting marriage registered