കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. സംവിധായകരുടെ സംഘടനായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. കൂട്ടായ്മയുടെ ആദ്യ സംഗമം എറണാകുളത്ത് നടന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒന്‍പത് പേരുടെ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് നടന്ന സംഗമത്തിന് ഭാഗ്യലക്ഷ്മി എത്തിയില്ല.

ഭാഗ്യലക്ഷ്മിയെ കൂടാതെ എം.ആര്‍.ജയഗീത (റൈറ്റേഴ്‌സ് യൂണിയന്‍), മാളു എസ്. ലാല്‍ (ഡയറക്ടേഴ്‌സ് യൂണിയന്‍), സിജി തോമസ് നോബെല്‍ (കോസ്റ്റ്യൂം), അഞ്ജന (ഡാന്‍സേസ് യൂണിയന്‍), മനീഷ (മെയ്ക്കപ്പ്), സുമംഗല (ഡബ്ബിങ്ങ്), ഉമ കുമരപുരം (സിനിമാട്ടൊഗ്രാഫി) എന്നിവരാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍.

മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, പ്രതിഫല തര്‍ക്കം, ലിംഗ വിവേചനം, ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ഫെഫ്ക ഇടപെടുന്നത് ഈ കോര്‍ കമ്മിറ്റി വഴിയായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വനിതകളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ കോര്‍ കമ്മിറ്റിയെ അറിയിക്കാനായി വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഫെഫ്കയുടെ പ്രസിഡന്റ് സിബി മലയിലും സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും സംഗമത്തില്‍ സംസാരിച്ചു. 

fefka

രണ്ടു വര്‍ഷമായി ഫെഫ്ക വനിതാ കൂട്ടായ്മയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അതിലേക്കുള്ള ആദ്യ പടിയാണ് ഇന്ന് നടന്ന സംഗമമെന്നും കോര്‍ കമ്മിറ്റിയില്‍ അംഗമായ എം.ആര്‍.ജയഗീത മാതൃഭൂമിയോട് പറഞ്ഞു. 

ക്യാമറ ചെയ്യുന്നവര്‍ മുതല്‍ നര്‍ത്തകര്‍ വരെയുള്ളവര്‍ സംഗമത്തിന് എത്തിയിരുന്നു. എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടുന്നതാകും സംഘടന. ഫെഫ്കയില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമാണ് വനിതകളുടെ പ്രത്യേക വിഭാഗം ഉണ്ടാക്കുന്നത്.

നിലവിലുള്ള ഒരു സംഘടനയ്ക്കും എതിരായല്ല ഈ സംഘടന രൂപീകരിച്ചിരിക്കുന്നത്. എല്ലാ വനിതാ സംഘടനകളില്‍ ഉള്ളവരും ഈ സംഘടനയില്‍ വരും. ഡബ്ല്യൂസിസി ഉണ്ടെങ്കിലും ഫെഫ്കയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത്. എല്ലാ വനിതാ കൂട്ടായ്മയും സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക, അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങി ഒരേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനൊരു കൈത്താങ്ങെന്ന നിലയിലാണ് ഫെഫ്കയുടെ ഈ തീരുമാനം' -എം.ആര്‍.ജയഗീത കൂട്ടിച്ചേര്‍ത്തു.ontent Highlights: New women organistaion in malayalam cinema, women in cinema collective, WCC