ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'മണിയറയിലെ അശോകന്‍' എന്ന പേരിലുള്ള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിലെന്ന പോലെ മുല്ലപ്പൂക്കളും പാലും പഴങ്ങളും മേശപ്പുറത്ത് ഒരുക്കിവെച്ചതിനു മുകളിലാണ് പോസ്റ്ററില്‍ ടൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. രമേഷ് പിഷാരടിയാണ് ചിത്രത്തിനു പേരു നല്‍കിയതെന്ന് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു. അഞ്ചു പുതിയ ടെക്‌നീഷ്യന്‍മാരെയാണ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്. സംവിധായകന്‍ ഷംസു സെയ്ബ, ഛായാഗ്രഹകന്‍ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരാണ് ആ പുതുമുഖങ്ങള്‍. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് പി.ആര്‍.ഒ.

'വേഫെയറര്‍ ഫിലിംസിന്റെ ലോഗോ പുറത്തുവിട്ടിരുന്നു. അച്ഛന്റെ കൈപിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍ കാണാന്‍ സാധിക്കുന്നത്. 

'ഞാന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ മാത്രമല്ല, എനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്ന ഉള്ളടക്കവും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥകളും ഉപയോഗിച്ച് നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതാ പുതിയ തുടക്കത്തിലേയ്ക്ക്...' ലോഗോ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന 'കുറുപ്പ്', സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, എന്നിവയാണ് വേഫെയറര്‍ ഫിലിംസിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

dq

Content Highlights : New film title announced by Dulquer Salman production company Wayfarer films