മാധുരി ദീക്ഷിത്ത്, ബിഗ് ബാങിലെ രംഗം
പ്രശസ്ത സിറ്റ്കോം ടെലിവിഷൻ ഷോ 'ദി ബിഗ് ബാങ് തിയറി'യുടെ പേരിൽ നെറ്റ്ഫ്ലിക്സിനെതിരേ നോട്ടീസ്. നടി മാധുരി ദീക്ഷിത്തിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയകുമാറാണ് സീരിസിൽ നിന്നുള്ള എപ്പിസോഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമനപടി സ്വീകരിച്ചിരിക്കുന്നത്. 'ബിഗ് ബാങ് തിയറി' സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമർശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാർ ആരോപിച്ചു.
"നെറ്റ്ഫ്ലിക്സിലെ ബിഗ് ബാങ് തിയറിയുടെ ഒരു എപ്പിസോഡ് ഈയിടെ കാണാനിടയായി അവിടെ കുനാൽ നയ്യാറിന്റെ കഥാപാത്രം ബോളിവുഡ് നടി മാധുരി ദീക്ഷിത്തിനെ അധിക്ഷേപകരവും അശ്ലീലം നിറഞ്ഞതുമായ ഒരു വാക്ക് ഉപയോഗിച്ച് സംബോധന ചെയ്തിരിക്കുന്നു. കുട്ടിക്കാലം മുതൽ ഒരു മാധുരി ദീക്ഷിത് ആരാധകൻ എന്ന നിലയിൽ ആ സംഭാഷണം എന്നിൽ കടുത്ത വേദനയുളവാക്കി. ഇന്ത്യൻ സ്ത്രീകളെയും സംസ്കാരത്തെയും അപമാനിക്കുന്നതിന് തുല്യമാണ്"- മിഥുൻ വിജയകുമാർ ആരോപിച്ചു. കൂടാതെ നെറ്റ്ഫ്ലിക്സിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റ ഭാഗമായി വക്കീൽ നോട്ടീസ് അയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദി ബിഗ് ബാങ് തിയറി'യുടെ രണ്ടാം ഭാഗത്തില്‍ കഥാപാത്രങ്ങള്‍ ഐശ്വര്യ റായിയെയും മാധുരി ദീക്ഷിതിനെയും താരതമ്യം ചെയ്യുന്ന ഭാഗമുണ്ട്. ഷെൽഡൻ കൂപ്പർ എന്ന കഥാപാത്രം 'മാധുരി ദീക്ഷിതിനെ പാവപ്പെട്ടവരുടെ ഐശ്വര്യ റായ്' എന്ന് പറയുകയും അതിന് മറുപടിയായി കുനല്‍ നയ്യാര്‍ അവതരിപ്പിക്കുന്ന രാജ് കൂത്രപ്പള്ളി എന്ന കഥാപാത്രം ഐശ്വര്യ റായിയെ ദേവതയെന്നും മാധുരി ദീക്ഷിതിനെ 'കുഷ്ഠരോഗിയായ വേശ്യ' എന്നുമാണ് പരാമര്‍ശിക്കുന്നത്.
"നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങള്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതും മൂല്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓരോ കണ്ടന്റുകള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും കൃത്യമായ സ്ക്രീനിങ് നടത്തേണ്ടതാണ്. സ്ത്രീ വിരുദ്ധത, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. മാധുരി ദീക്ഷിത് എന്ന പ്രതിഭയെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശം കടുത്ത വേദന ഉളവാക്കുന്നതാണ്. ഓരോ പരിപാടികൾക്കും വ്യക്തിപരമായി ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഈ നടപടി പലര്‍ക്കും ഒരു ഓര്‍മപ്പെടുത്തൽ ആകും"- നെറ്റ്ഫ്ലിക്സിന് അയച്ച നോട്ടീസിൽ പറയുന്നു.
2007-ലാണ് 'ബിഗ് ബാങ് തിയറി' ടെലിവിഷൻ ചാനലിൽ സംപ്രേഷണം ആരംഭിക്കുന്നത്. പന്ത്രണ്ട് സീസണുകളിലായെത്തിയ ഈ ഷോ വലിയ ജനപ്രീതിയാണ് നേടിയത്. 2019-ലായിരുന്നു പന്ത്രണ്ടാമത്തെ സീസൺ സംപ്രേഷണം ചെയ്തത്.
Content Highlights: Netflix, Big bang theory controversy, Derogatory Remarks, Madhuri Dixit Aishwarya rai comparison
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..