ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ 'ചോക്ട്‌: പൈസ ബോല്‍ത്താ ഹെ' ജൂണ്‍ 5-ന് റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്കും റിലീസിന്റെ തിയതിയും ഒരുമിച്ചാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടത്. 

'ഹേയ് പ്രഭു', 'സേക്രഡ് ഗെയിംസ്' തുടങ്ങിയവയ്ക്ക് തിരക്കഥയെഴുതിയ നിഹിത് ബാവെയാണ് ചോക്ടിന്റെ തിരക്കഥാകൃത്ത്. റോഷന്‍ മാത്യുവും സൈയ്യാമി ഖേറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ഡ്രാമ ഷോണറില്‍പ്പെടുന്ന സിനിമയില്‍ സൈയ്യാമിയും റോഷനും ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് എത്തുന്നത്.

ഇവരെകൂടാതെ അമൃത സുഭാഷ്, ഉപേന്ദ്ര ലിമായെ, തുഷാര്‍ ഡാല്‍വി, രാജ്ശ്രീ ദേശ്പാണ്ഡെ, വൈഷ്ണവി ആര്‍.പി., ഉദയ് നേന്‍, പാര്‍ഥവീര്‍ ശുക്ല, സഞ്ജയ് ഭാട്ടിയ, ആദിത്യ കുമാര്‍, മിലിന്ദ് പഥക് എന്നിവരും ചോക്ടില്‍ അണിനിരക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സും കശ്യപ് സഹ സ്ഥാപകനായ ഗുഡ് ബാഡ് ഫിലിംസും ചേര്‍ന്നാണ് 'ചോക്ട്'‌ നിര്‍മിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് നിര്‍മിക്കുന്ന ഈ വര്‍ഷത്തെ അഞ്ചാമത്തെ സിനിമയാണ് 'ചോക്ട്‌'. സോയ അക്തര്‍, ദിബാക്കര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ് എന്നിവരുടെ സിനിമാ സമാഹാരം 'ഗോസ്റ്റ് സ്‌റ്റോറീസ്', ഡാന്‍സ് ഡ്രാമാ ഗണത്തില്‍പ്പെട്ട 'യെ ബാലറ്റ്', കരണ്‍ ജോഹര്‍ നിര്‍മിച്ച 'ഗില്‍റ്റി', മനീഷ കൊയ്‌രാള നായികയായ 'മസ്‌ക', ജാക്വലിന്‍ ഫെര്‍ണാണ്ടസ് നായികയായ 'മിസിസ് സീരിയല്‍ കില്ലര്‍' എന്നിവയാണ് ഈ വര്‍ഷം ആദ്യമിറങ്ങിയ മറ്റ് നെറ്റ്ഫ്‌ലിക്‌സ് പ്രൊഡക്ഷനുകള്‍.

Content Highlights: Netflix announces release date for Anurag Kashyap's Choked, first look released