30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവാവ് കുന്നംകുളത്ത് നിന്ന് ദുബായിലേക്ക് വിമാനം കയറി. എതൊരു പ്രവാസിയെയും പോലെ ജീവിതത്തോട് മല്ലടിച്ച് അയാള്‍ തെരുവുകളില്‍ കഷ്ടപ്പെട്ടു. ടാക്സിയും ലോറിയും ഓടിച്ച് ജീവിച്ചിരുന്ന അയാള്‍ മുപ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ 30 കോടി രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയുടെ നിര്‍മാതാവായി. സിനിമയേക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതത്തിനുടമയായ അയാളുടെ പേര് നെല്‍സണ്‍ ഐപ്പ് എന്നാണ്. മമ്മൂട്ടി നായകനായ മധുരരാജയുടെ നിര്‍മാതാവ്.
ഒട്ടുമിക്ക പ്രവാസികളെയും പോലെ പട്ടിണി മാറ്റാന്‍ കടല്‍ കടന്നു വന്നതാണ് നെല്‍സണ്‍. ജീവിതം കൂട്ടിമുട്ടിക്കാന്‍ ദുബായിലെ നിരത്തുകളില്‍ വണ്ടിയോടിച്ചു. സ്വന്തമായി ഒരു വാഹനം വാങ്ങണം എന്നതായിരുന്നു സ്വപ്നം. ടാക്സിയോടിച്ച് രാപ്പകല്‍ ഇല്ലാതെ അധ്വാനിച്ച് അദ്ദേഹം ആ സ്വപ്നം സഫലമാക്കി. ഒരു ലോറി വാങ്ങി. കുറേ വര്‍ഷം ലോറി ഓടിച്ചു. പിന്നെ മൂന്ന് ലോറികള്‍ കൂടി വാങ്ങി. അങ്ങനെ തൊഴിലാളിയായി വന്ന നെല്‍സണ്‍ ഒരു ചെറിയ മുതലാളിയായി. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവം നെല്‍സന്റ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ലോറികളില്‍ ഒന്ന് മറഞ്ഞുണ്ടായ അപകടത്തില്‍ നെല്‍സല്‍ സാമ്പത്തികമായി തകര്‍ന്നു.
'ലോറികള്‍ വാങ്ങിയപ്പോള്‍ ഞാന്‍ മൂന്ന് ഡ്രൈവര്‍മാരെ വച്ചു. ഞാന്‍ ഓപ്പറേഷന് മാനേജരായി. എല്ലാം നന്നായി പോകുന്നതിനിടെ ഒരു ലോറി മറഞ്ഞ് അപകടം സംഭവിച്ചു. കാര്‍ഗോ ഇന്‍ഷൂറന്‍സ് ഞാന്‍ എടുത്തിരുന്നില്ല. നഷ്ടടപരിഹാരം നല്‍കുന്നതിന് വേണ്ടി ബാക്കി രണ്ട് വണ്ടികളും വിറ്റു. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചത്. എന്റെ ഇളയകുട്ടിക്ക് പാല് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ ഞാന്‍ തളര്‍ന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് വീണ്ടും ഞാന്‍ മുന്നോട്ട് നടന്നു. ദൈവത്തില്‍ വിശ്വസിച്ചു. ആരെയും ചതിച്ചിട്ടില്ല'- നെല്‍സണ്‍ പറയുന്നു.
30 ലോറികളുടെ ഉടമയാണ് നെല്സണിപ്പോള്. യാദൃശ്ചികമായാണ് സിനിമാനിര്‍മാണ രംഗത്തേക്ക് നെല്‍സണ്‍ വരുന്നത്. ഉദയകൃഷ്ണ, വൈശാഖ് എന്നിവരുമായുള്ള പരിചയമാണ് അതിലേക്ക് നയിച്ചത്.
'ഞങ്ങള്‍ ആദ്യം ചെയ്യാന്‍ വിചാരിച്ചിരുന്നത് രാജ 2 എന്ന സിനിമയാണ്. 15 കോടി രൂപ ബജറ്റിലാണ് സിനിമ ഒരുക്കാമെന്ന് കരുതിയത്. പിന്നീട് മധുരരാജയായി, ജഗപതി ബാബു വില്ലനായി വന്നു, പീറ്റെര് ഹെയ്ന്, സണ്ണി ലിയോണ്‍ എന്നിവര്‍ വന്നു. പിന്നീട് സിനിമ വലുതായി. അങ്ങനെയാണ് 30 കോടി രൂപ മുടക്കുമുതലായത്. മമ്മൂക്കയുടെ അഭിനയം, വൈശാഖിന്റെ സംവിധാനം, ഉദയകൃഷ്ണയുടെ തിരക്കഥ തുടങ്ങിയ ഘടകങ്ങളാണ് എന്റെ ധൈര്യം. പിന്നെ നല്ല സാങ്കേതിക വിദഗ്ധരുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല സിനിമ കൊടുക്കുക എന്നതാണ് ലക്ഷ്യം. അതിന് തീര്‍ച്ചയായും ഫലം കിട്ടും എന്ന് തന്നെയാണ് എന്റെ വിശ്വാസം.'
പൈറസി പോലെ സിനിമാമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അറുതിവന്നാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ നിര്‍മാണരംഗത്തേക്ക് വരികയുള്ളൂ എന്ന് നെല്‍സണ്‍ പറയുന്നു.
ബിഗ് ബജറ്റ് സിനിമയുടെ നിര്മാതാവായെങ്കിലും നെല്‍സന്റെ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. ആവശ്യമാണെങ്കില്‍ നെല്‍സണ്‍ ലോറി ഓടിക്കും. കഠിനാധ്വാനം, ഇച്ഛാശക്തി എന്നിവയുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കീഴടക്കാം എന്ന് നെല്‍സണ്‍ കാണിച്ചു തരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..