കമലഹാസന്‍ , മുത്തുരാമന്‍ , ശ്രീപ്രിയാ ,ലത എന്നിവര്‍ അഭിനയിച്ച് 1979 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമയായിരുന്നു  'നീയാ'. നടി ശ്രീപ്രിയ  നിര്‍മ്മിച്ച ചിത്രം വലിയ വിജയം നേടിയിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം ആ പേര് കടം കൊണ്ട് ഒരു ഹൊറര്‍ സിനിമ പ്രദര്‍ശനത്തിനെത്തുന്നു 'നീയാ 2'

ജയ് നായകനാവുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി ,കാതറിന്‍ തെരേസാ ,വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാരായെത്തുന്നത്. പഴയ ചിത്രവുമായി ബന്ധമൊന്നുമില്ലെങ്കില്‍പോലും കഥയ്ക്ക് അനിവാര്യമായത് കൊണ്ട് ശ്രീപ്രിയയില്‍ നിന്നു ടൈറ്റില്‍ അവകാശം  വാങ്ങി 'നീയാ 2'   എന്ന് പേരിടുകയായിരുന്നു.

ഇരുപത്തി രണ്ടടി നീളമുള്ള ഒരു രാജവെമ്പാല ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വരുന്നുണ്ടെന്നതാണ് ഒരു പ്രത്യേകത. ലോകമെമ്പാടുമുള്ള വനാന്തരങ്ങളില്‍ അന്വേഷണം നടത്തിയതിനൊടുവില്‍ ബാങ്കോക്കില്‍ നിന്നുമാണ് രാജവെമ്പാലയുടെ രൂപം സംവിധായകന്‍ എല്‍ .സുരേഷും ക്യാമെറാമാന്‍ രാജവേല്‍  മോഹനും കണ്ടെത്തിയത്. വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രണയവവും നര്‍മവും പശ്ചാത്തലമായുള്ള ഹൊറര്‍ ചിത്രമായാണ് നീയാ 2 അണിയിച്ചൊരുക്കുന്നത്. ചാലക്കുടി ,കൊടൈക്കനാല്‍ ,ഊട്ടി,തലക്കോണം ,പോണ്ടിച്ചേരി  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

neeya

"ഇത് വരെ വന്നിട്ടുള്ള സര്‍പ്പ സിനിമകളെല്ലാം അവയുടെ പ്രതികാരത്തെ കുറിച്ചുള്ളതായിരുന്നു. എന്നാല്‍ ഇത് പാമ്പുകളുടെ പ്രതികാരകഥയല്ല. പക്ഷേ പാമ്പുകളുടെ സാഹസികത ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട് .  ശക്തമായ ഒരു പ്രണയ കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ്. മൂന്നു നായികമാര്‍ക്കും തുല്യ പ്രാധാന്യമുള്ള  ശക്തമായ കഥാപാത്രങ്ങളാണ് നല്‍കിയിട്ടുള്ളത്.ജയ് ഗ്രാമീണ യുവാവായും ഐ ടി ജീവനക്കാരനായ നഗര വാസിയായും രണ്ട് വേഷങ്ങളിലെത്തുന്നു. കുടുംബ സമേതം കണ്ടു ആസ്വദിക്കാവുന്ന ഗ്ലാമറും , ആക്ഷനും , സസ്‌പെന്‍സുമുള്ള വിനോദ ചിത്രമായിരിക്കും 'നീയാ 2'..."സംവിധയകന്‍ പറയുന്നു .

ചിത്രത്തിലെ ഗാന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് നൃത്ത സംവിധായകരായ കല ,കല്യാണ്‍ എന്നിവരാണ്. യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ സബീറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വലിയ ബജറ്റില്‍ ഗ്രാഫിക്സ്, സ്‌പെഷ്യല്‍ ഇഫക്ട് എന്നീ സാങ്കേതികയുടെ അകമ്പടിയോടെ 'നീയാ 2' നിര്‍മ്മിച്ചിരിക്കുന്നത് ജംബോ സിനിമാസിന് വേണ്ടി ഏ .ശ്രീധറാണ് .

neeya 2 movie jai rai laxmi varalakshmi sarathkumar Catherine Tresa