പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗരം മസാലയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് നീതു ചന്ദ്ര. മുന്‍നിര സംവിധായകരായ രാം ഗോപാല്‍ വര്‍മ്മ, മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും സിനിമാ മേഖലയില്‍ നീതു പിന്നീട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയില്‍ നിന്നും കുറച്ച് നാളായി വിട്ടു നിന്ന നീതു വീണ്ടു രംഗത്തെത്തിയിരിക്കുകയാണ്. കഴിവനുസരിച്ച് ബോളിവുഡിലെ ഖാന്മാരുടെ കൂടെ അഭിനയിക്കാന്‍ താന്‍ യോഗ്യയാണെന്നാണ്  ഈയിടെ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നീതു പറഞ്ഞത്.

ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും നായികയാകാനുള്ള കഴിവും യോഗ്യതയും എനിക്കുണ്ട്. എന്നാല്‍ എന്റെ ആ കിഴിവുകളെ  നേരാം വണ്ണം വിനിയോഗിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല എന്റെ വരവ്. മാത്രമല്ല, സിനിമയില്‍ എനിക്കൊരു ഗോഡ്​ഫാദറും ഇല്ല. അതുകൊണ്ടു തന്നെ എന്റെ യാത്ര പതുക്കെ ആയിരുന്നു എന്നാല്‍ ഉറപ്പുള്ളതായിരുന്നു. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ നീതു പറഞ്ഞു. ഇപ്പോള്‍ ലോസ് ആഞ്ജലീസിലുള്ള  താരം പാകിസ്താനി ഗായകനായ റാഹത് ഫത്തേഹ് അലി ഖാന്റെ മ്യൂസിക് വീഡിയോ ബഞ്ചാരേയിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Content Highlights: Neetu Chandra  Bollywood Priyadarshan Ram Gopal Varma, Madhur Bhandarkar Dibakar Banerjee Salman Khan Pakistani singer Rahat Fateh Ali Khan