-
പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് വായ തകര്‍ന്ന് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രതിഷേധമുയരുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ പാലക്കാട്ട് നടന്ന ഈ ദാരുണ സംഭവം രാജ്യമൊട്ടാകെ പരക്കുകയും ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളടക്കം ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം സംഭവം നടന്ന കേരളത്തെ ഒറ്റപ്പെടുത്താനും വിഷയം വര്‍ഗീയവത്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ സോഷ്യല്‍മീഡിയയില്‍നടക്കുന്നതായി ആരോപണങ്ങളുണ്ട്. ഇതിനെതിരെ രംഗത്തു വരികയാണ് നടന്‍ നീരജ് മാധവ്.
ആനപ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റു ചൂണ്ടിക്കാട്ടാന്‍ ഞങ്ങള്‍ക്കു മടിയില്ല പക്ഷെ അതിനെ പുറത്ത് നിന്ന് ചിലര്‍ മുതലെടുക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ നോക്കി നിക്കില്ല.
സംഭവമറിഞ്ഞപ്പോള്‍ മുതല്‍ നീരജ് ഗൗരവത്തോടെ പ്രതികരിച്ചിരുന്നു. കുറ്റകൃത്യം നടത്തിയവരെ ഏതു വിധേനയും പിടികൂടണമെന്ന് നീരജ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ തീവ്രത മനസിലാക്കാത്ത ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടെന്നും മനുഷ്യ ജീവനെപ്പോലെ തന്നെ വിലപ്പെട്ടതാണ് വന്യ മൃഗങ്ങള്‍ എന്നും നീരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതിനിടയില്‍ കുറ്റകൃത്യം നടത്തിയ മലയോര കര്‍ഷകരെ ന്യായീകരിച്ചുകൊണ്ട് ചില കമന്റുകള്‍ വൈറലായിരുന്നു. ആന ഗര്‍ഭിണിയാണെന്നും പൈനാപ്പിള്‍ കഴിക്കുമെന്നും അറിയാതെ സംഭവിച്ചതാകാമെന്നും കാട്ടാനകളെ പേടിച്ച് ഊണും ഉറക്കവുമില്ലാതെ ജീവിക്കുന്ന നിരവധി മലയോര കര്‍ഷകര്‍ പാലക്കാടന്‍ മേഖലയില്‍ വസിക്കുന്നുണ്ടെന്നും അവരുടെ വിഷമങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ലെന്നുമായിരുന്നു കമന്റുകള്‍. അത്തരമൊരു കമന്റ് ശ്രദ്ധയില്‍ പെട്ട നീരജ് സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്ത കുറിപ്പും വൈറലായിരുന്നു.
നീരജിന്റെ കുറിപ്പ്
ഈ വാര്‍ത്തയ്ക്കടിയില്‍ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാള്‍ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകള്‍ക്കിടയില്‍ awareness ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. Jungle Speaks enna പേരില്‍ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉള്‍ക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
Content Highlights : neeraj madhav fb post about elephant death after swallowing pineapple stuffed cracker in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..