മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനെതിരേ നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ നീരജ് മാധവ്. സിനിമ ഇത്ര ഡീഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള കുഴപ്പമൊന്നും താന്‍ കാണുന്നില്ലെന്നും ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പബ്ലിസിറ്റി നൽകിയതാവാം തിരിച്ചടി ആയതെന്നും നീരജ് ഫെയ്​സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 2.0 എന്ന ബ്രഹ്മാണ്ഡ പടത്തെ പൂര്‍ണ സമ്മതത്തോടെ അല്ലെങ്കിലും കയ്യടിച്ച് പാസ്സാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റില്‍ മലയാളത്തില്‍ ലാലേട്ടനെ മുന്‍നിര്‍ത്തി ഒരുക്കിയ ഈ ചിത്രത്തെ പരിഹസിച്ച് തഴയരുതെന്നും നീരജ് കുറിപ്പില്‍ പറയുന്നു.

നീരജ് മാധവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ഒടിയന്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാന്‍ മാത്രമുള്ള കുഴപ്പങ്ങള്‍ ഞാനതില്‍ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പന്‍ പ്രതീക്ഷയില്ലാതെയാണ് നമ്മള്‍ കാണാന്‍ പോയത് എന്നോര്‍ക്കണം. തെറ്റായ മുൻവിധിയോടെ സിനിമ കാണാന്‍ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയ്യേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയര്‍ന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശരിയാണോ എന്ന് നമ്മള്‍ പുനഃപരിശോധിക്കണം.

ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വര്‍ഷത്തെ പ്രയത്‌നം, പ്രശംസയര്‍ഹിക്കുന്ന production design, art work & BGM. സാമാന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങള്‍. 2.0 എന്ന ബ്രഹ്മാണ്ഡ തമിഴ് പടത്തെ പൂര്‍ണ സംതൃപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മള്‍ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റില്‍ മലയാളത്തില്‍ നമ്മുടെ സ്വന്തം ലാലെട്ടനെ മുന്‍നിര്‍ത്തിയുള്ള ഈ ശ്രമത്തെ തീര്‍ത്തും പരിഹസിച്ച് തഴയരുത്.

മുന്‍വിധികള്‍ മാറിനില്‍ക്കട്ടെ, ഒരു സിനിമയ്ക്ക് അതര്‍ഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ. സിനിമ നടന്‍ എന്നതിലുപരി ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്.

odiyan

Content Highlights : Neeraj Madhav Facebook Post On Odiyan Movie Degrading Odiyan Mohanlal Sreekumar Menon Manju Warrier