-
റിലീസ് ചെയ്ത സമയത്ത് മികച്ച അഭിപ്രായം നേടിയ 'ഗൗതമന്റെ രഥം' എന്ന ചിത്രം ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും തിയ്യറ്ററില്‍ നിന്നും പിന്‍വലിക്കപ്പെടും എന്ന ആശങ്ക പങ്കുവച്ച് നടന് നീരജ് മാധവ്. ലോകത്തെ ആശങ്കയില്‍ ആഴ്ത്തിയ കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ഗൗതമിന്റെ രഥത്തിന്റെ കളക്ഷനെ ബാധിച്ചുവെന്നും വൈറസിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ കാരണം ആളുകള്‍ തിയറ്ററുകളിലേയ്ക്ക് എത്തുന്നത് കുറഞ്ഞുവെന്നും നീരജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വലിയ റിലീസുകള്‍ വരുന്ന വെള്ളിയാഴ്ച്ച തീയേറ്ററുകളില്‍ എത്തുന്ന വേളയില്‍ എന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുള് ഷോകള്‍ ലഭിച്ചാല്‍ ഒരുപക്ഷെ തിയ്യറ്റര്ഉടമകള് കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കുമെന്നും നീരജ് കുറിക്കുന്നു.
നീരജിന്റെ ഫെയ്സ്ബുക്ക്
ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂര്‍ണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ 'ഗൗതമന്റെ രഥം' എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ബുക്ക് മൈ ഷോയിലും മറ്റും വളരെ നല്ല റേറ്റിങ്ങും ഉണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല കളക്ഷനും ഉണ്ടായിരുന്നു. പക്ഷെ തിങ്കളാഴ്ച്ച മുതല്‍ പല തിയ്യറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളില്‍ ഷോ നടന്നില്ലെന്നും പറയുന്നു.
മറ്റു സിനിമകള്‍ക്കും താരതമ്യേന ഈ ദിവസങ്ങളില്‍ ആള് കുറവാണെന്ന് അറിയാന്‍ സാധിച്ചു. പക്ഷെ കഴിഞ്ഞാഴ്ച്ചത്തെ റിലീസുകള്‍ക്കാണ് ഏറ്റവും പരിക്കേറ്റത്. ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേള്‍ക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വര്‍ത്തകള്‍ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്.
ഇതിനിടെ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി. സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സ്ഥിതിക് ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാന്‍ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്.
ഇത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു വിഷയം ആയതിനാല്‍ എല്ലാവരും എങ്ങനേലും എന്റെ സിനിമ കണ്ട് വിജയിപ്പിക്കണം എന്നൊന്നും ഔചിത്യമില്ലാതെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് പറയാനുള്ളത് ഏതാണെന്ന് വെച്ചാല്‍, ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഹിന്ദിയില്‍ വെബ് സീരീസ് ചെയ്യാന്‍ പോയതായിരുന്നു എന്നൊന്നും പലര്‍ക്കും അറിയില്ലായിരുന്നു. അന്ന് ഞാന്‍ സിനിമയില്‍ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേര് ഞങ്ങടെ നിര്‍മാതാവിനെ പിന്തിരിപ്പിക്കാന് വരെ ശ്രമിച്ചിരുന്നു, പക്ഷെ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, സാറ്റ്ലൈറ്റ് പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ സിനിമയില്‍ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തീയേറ്ററില്‍ എത്തിയപ്പോള്‍ ചിത്രം വിജയിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു ഞങ്ങള്‍ എങ്കില്‍, ഇന്ന് അതേ സിനിമ അടുത്താഴ്ച്ച തീയേറ്ററില്‍ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പന്‍ റീലീസുകള്‍ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുള് ഷോകള്‍ ലഭിച്ചാല്‍ ഒരു പക്ഷെ തിയേറ്റര്‍ ഉടമകള്‍ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. അല്ലെങ്കില്‍ പിന്നീട് ടിവിയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങള്‍ക്ക് എന്നോട് അഭിപ്രായം പറയാം.
പക്ഷെ അപ്പഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലര്‍ത്താന്‍ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാല്‍ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കുമുതല്‍ എങ്കിലും ആ നിര്‍മാതാവിന് തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി."

നടന് ആന്റണി പെപ്പെ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ചിത്രം കണ്ട് മികച്ച അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.
Content Highlights : Neeraj Madhav About New Movie Gouthamante Radham
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..