നീരജിന്റെ ചെറുപ്പക്കാലത്തെ ചിത്രം, നീരജും കുടുംബവും Photo | https:||www.facebook.com|humansofbombay
ചെറുപ്പക്കാലത്തെ തന്റെ രസകരമായ ഒരു പ്രണയകഥ പങ്കുവെച്ച് നടൻ നീരജ് മാധവ്. ഒഫീഷ്യൽ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് നീരജ് തന്റെ പ്ലസ് ടു കാലത്തെ പ്രണയകഥ പറയുന്നത്.
നീരജിന്റെ വാക്കുകൾ:
ബോയ്സ് സ്‌കൂളിലാണ് ഞാൻ പഠിച്ചതെല്ലാം. അതുകൊണ്ട് തന്നെ പെൺകുട്ടികളുമായി അധികം സൗഹൃദം ഇല്ലായിരുന്നു. ചെറുപ്പത്തിൽ ഡേറ്റിങ്ങ് എന്നതേ ചിന്തിക്കാനാവില്ലായിരുന്നു. കാരണം പെൺകുട്ടികളോട് സംസാരിക്കുന്ന കാര്യത്തിൽ ഞാൻ വളരെ പിന്നോട്ടായിരുന്നു.
12-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഒരു ക്രഷ് ഉണ്ടാവുന്നത്. അവളെ ഞാൻ ഒരു കോച്ചിങ്ങ് സെന്ററിൽ വെച്ചാണ് കണ്ടത്. അവൾ മറ്റൊരു ബാച്ചിൽ ആയിരുന്നു. വെള്ളമെടുക്കാൻ പോകുന്നിടത്ത് ഒരിക്കൽ ഞങ്ങൾ പരസ്പരം കണ്ടുമുട്ടി, കരിമഷിയെഴുതിയ അവളുടെ വലിയ തവിട്ടു നിറമുള്ള കണ്ണുകൾ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അത് വളരെ ആകർഷകമായിരുന്നു. ആ നിമിഷത്തിൽ ആദ്യമായി എനിക്ക് അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ തോന്നി. അന്ന് ഞാനേറെ പുഞ്ചിരിച്ചു.
എല്ലാദിവസവും ഈ ക്ലാസുകൾക്കായി ഞാൻ കാത്തിരിക്കും. പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല, എങ്കിലും ഇടയ്ക്ക് അവളെന്നെ നോക്കി ചിരിക്കും. ഞാൻ തക്കാളി പോലെ ചുവന്ന് തുടുക്കാൻ അത് ധാരാളമായിരുന്നു.
രണ്ടുപേരും രണ്ടു ബസ്‌സ്റ്റോപ്പുകളിൽ നിന്നായിരുന്നു ബസ് കയറിയിരുന്നത്. പക്ഷേ അവൾ പോകുന്നതുവരെ ഞാൻ അവളുടെ സ്റ്റോപ്പിൽ കാത്തിരിക്കും. അതൊരു ചടങ്ങ് പോലെയായിരുന്നു. എന്നോടൊപ്പം കാത്തിരിക്കാൻ എനിക്ക് കുറച്ച് സ്കൂൾ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ അവളോട് സംസാരിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് ചില നാണക്കേടുമുണ്ടായിട്ടുണ്ട്.
അവൾ ക്ലാസ്സിൽ പ്രവേശിക്കുമ്പോഴെല്ലാം അവർ ചുമച്ചുതുടങ്ങും അല്ലെങ്കിൽ അവൾക്ക് ചുറ്റും നടന്ന് എന്റെ പേര് പറയും. ഒരിക്കൽ അവൾ എനിക്ക് ഒരു പുസ്തകം കൈമാറിയപ്പോൾ, എന്റെ എല്ലാ സുഹൃത്തുക്കളും ഒച്ചവെക്കാൻ തുടങ്ങി! അന്ന്, ഞങ്ങൾക്കെല്ലാവർക്കും ശിക്ഷയും കിട്ടി. മിണ്ടാതിരിക്കാൻ ഞാനവരോട് പറയും പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. എന്റെ ഈ കാര്യത്തിന് ചുറ്റുമാണ് അവരുടെ ജീവിതം ചുറ്റിത്തിരിയുന്നതെന്ന പോലെയാണ്. പല സമയത്തും ഇത് അവളെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് എനിക്ക് അറിയാം. ഒരിക്കൽ അവളെന്നോട് സംസാരിക്കാൻ ശ്രമിച്ചു.. പക്ഷേ ഞാൻ അവിടുന്ന് പോയി. അത്രയ്ക്ക് നാണക്കാരനായിരുന്നു ഞാൻ.
റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്യൂഷൻ ക്ലാസ് എനിക്ക് നിർത്തേണ്ടി വന്നു. ആ ക്ലാസിലെ എന്റെ അവസാന ദിനമാണ് അവളെ ഞാൻ അവസാനമായി കാണുന്നതും. അന്ന് ഫെയ്സ്ബുക്കില്ലല്ലോ, എന്തിനേറെ എനിക്കൊരു ഫോൺ പോലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല.
പിന്നീട് ജോലിയും തിരക്കുമായി ഞാൻ അവിടെ നിന്നും നഗരത്തിലേക്ക് മാറി. പക്ഷേ ഇടക്കിടെ അവളെക്കുറിച്ച് ആലോചിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഒരു പെൺകുട്ടിയുടെ ഫോൺകോൾ എനിക്ക് വന്നു.
വിളിച്ചയാൾ ആരാണെന്ന് പറഞ്ഞില്ലെങ്കിലും എന്നെക്കുറിച്ചെല്ലാം അവൾക്ക് അറിയാമായിരുന്നു. ഫെയർവെല്ലിന് ഞാൻ ധരിച്ച ഷർട്ടിന്റെ നിറം, എന്റെ നാട്ടിലെ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണശാലയേതെന്ന് വരെ. അത് ട്യൂഷൻ ക്ലാസിലെ ആ പെൺകുട്ടിയാണെന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത്.
ഇതൊക്കെ 10 വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്നത്തേതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഇന്ന് മാറിയിരിക്കുന്നു. ഇന്ന് ജീവിതത്തിലെ എന്റെ പ്രണയത്തെ ഞാൻ വിവാഹം കഴിച്ചു. ഞങ്ങൾക്കൊരു സുന്ദരിയായ മകളുണ്ട്. കൗമാരക്കാലത്ത് മറ്റൊരാളോട് ഇത്രയും ഗാഢമായ ഇഷ്ടം തോന്നിയതിൽ ഇപ്പോഴും അത്ഭുതം തോന്നുന്നു. പക്ഷേ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന കുളിരല്ല, കേറിച്ചെല്ലാനുള്ള വീടാണ് പ്രണയമെന്ന് ഇന്നെനിക്ക് അറിയാം.
Content Highlights : Neeraj Madhav about his first crush, love life, marriage, daughter


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..