നീലവെളിച്ചത്തിൽ ടോവിനോ തോമസ് | ഫോട്ടോ: www.facebook.com/ActorTovinoThomas
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഇതേ പേരിലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായെത്തുന്ന ടൊവിനോയുടെ ഫസ്റ്റ്ലുക്കാണ് പോസ്റ്ററിലുള്ളത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ 115-ാം ജന്മവാർഷികദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ടൊവിനോയുടെ പിറന്നാൾ ദിവസം കൂടിയാണിത്. ബഷീർ തന്നെ തിരക്കഥ രചിച്ച് 1964 ലിൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രവും നീലവെളിച്ചം എന്ന കൃതിയോട് ചേർന്നുനിൽക്കുന്നതായിരുന്നു. റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്.
എം എസ് ബാബുരാജ് - പി ഭാസ്കരൻ കൂട്ടുകെട്ടിൽ പിറന്ന അനശ്വരമായ ഗാനങ്ങളുള്ള ചിത്രത്തിലെ 'അനുരാഗ മധുചഷകം' എന്ന എസ് ജാനകി ആലപിച്ച ജനപ്രിയ ഗാനത്തിന്റെ പുനരാവിഷ്കാരം രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന് വൻ വരവേല്പാണ് ലഭിച്ചത്.
1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി.ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടോവിനോ തോമസ്, റോഷന് മാത്യൂ, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ. പി, അഭിറാം രാധാകൃഷ്ണന്, രഞ്ജി കങ്കോല്‍, ജിതിന് പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്സണ് ജോര്‍ജ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പി.ആര്.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.
Content Highlights: neelavelicham movie new poster, tovino thomas as vaikom muhammed basheer, ashique abu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..