അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍കൊളുത്തി അടിച്ചുകൊന്ന് കടലില്‍ താഴ്ത്തിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. സാമൂഹികമാധ്യമങ്ങളിലാണ് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശിക്ഷാനിയമങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമായത്. 'ജസ്റ്റിസ് ഫോര്‍ ബ്രൂണോ' എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം.

പൂര്‍ണിമ ഇന്ദ്രജിത്, നസ്റിയ തുടങ്ങിയ സിനിമാതാരങ്ങളും പിന്തുണയുമായെത്തി. ബ്രൂണോയ്ക്ക് നീതി ലഭിക്കണമെന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. മനുഷ്യര്‍ എന്താണ് ഇങ്ങനെയെന്നും നസ്റിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചോദിക്കുന്നു. 'ബ്രൂണോ എന്നായിരുന്നു പേര്. മനുഷ്യനെ സ്നേഹിച്ചു എന്നൊരു തെറ്റു ചെയ്തുപോയി. നെഞ്ചില്‍ ചൂണ്ട കൊളുത്തി കെട്ടിത്തൂക്കിയിട്ട് അടിച്ചുകൊല്ലാന്‍ മാത്രം പാതകമായിരുന്നു സ്നേഹം എന്നറിഞ്ഞില്ല'' എന്നിങ്ങനെയുള്ള എഴുത്തുകളിലൂടെ അവര്‍ ബ്രൂണോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

കേരള മനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു ബ്രൂണോയെ അടിച്ചുകൊന്നതെന്ന് മൃഗസ്‌നേഹിയായവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

നായയെ അടിച്ചുകൊന്നവരെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയിലും പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. നായയുടെ ഉടമസ്ഥര്‍ ഭയംമൂലം പരാതിയില്‍നിന്നും പിന്‍വലിയാനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. മൃഗങ്ങള്‍ക്കെതിരേ അടിക്കടി അതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിയമം ഉണ്ടെങ്കിലും പലപ്പോഴും നടപ്പാക്കാറില്ല. അതിനാല്‍ എല്ലാ ജില്ലകളിലും 'ജസ്റ്റിസ് ഫോര്‍ ബ്രൂണോ' എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കാളികളായവര്‍ നാടെങ്ങും പ്രതിഷേധം ഉയര്‍ത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

പാവമായിരുന്നു ബ്രൂണോ...

ആരെയും ഉപദ്രവിക്കാത്ത ഒരു പാവമായിരുന്നു ബ്രൂണോ. എട്ട് വര്‍ഷമായി അവന്‍ ക്രിസ്തുരാജിന്റെ കുടുംബത്തിനോടൊപ്പമുണ്ട്. മത്സ്യത്തൊഴിലാളികളായതിനാല്‍ നായകള്‍ക്ക് കൊടുക്കുന്ന പ്രത്യേക ഭക്ഷണം ഒന്നും നല്‍കിയിരുന്നില്ല. പകരം ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇറച്ചി വാങ്ങിനല്‍കും. വീട്ടിലുള്ള ആഹാരത്തോടായിരുന്നു അവന് താത്പര്യം. നല്ല അനുസരണ ഉളളവനായിരുന്നു. കൂടപ്പിറപ്പ് നഷ്ടപ്പെട്ടതിന്റെ വിഷമമാണുള്ളതെന്നും ക്രിസ്തുരാജിന്റെ കുടുംബം പറയുന്നു. അതിക്രൂരമായി അടിച്ചുകൊല്ലേണ്ട തരത്തില്‍ യാതൊരു അക്രമവും ബ്രൂണോ കാണിച്ചിട്ടില്ല. വീട്ടില്‍നിന്ന് പുറത്തു വിടാത്തതിനാല്‍ അവന് ശൗര്യവും കുറവായിരുന്നു. ഇങ്ങനെ അടിച്ചുകൊല്ലുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് കണ്ണ് നിറഞ്ഞ് ക്രിസ്തുരാജ് പറയുന്നു.

മനേകഗാന്ധി വിളിച്ച് സംസാരിച്ചു

ബ്രൂണോയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇ-മെയിലുകളാണ് മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി മനേകഗാന്ധിക്കായി പോയത്. വിഷയം വായിച്ചറിഞ്ഞ ഉടന്‍ മനേകഗാന്ധി വിളിച്ച് അന്വേഷിച്ചുവെന്നും കുറ്റക്കാരായവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. നായയെ അടിക്കുന്ന വീഡിയോയും ഉടമയുമായി സംസാരിച്ചതിന്റെ തെളിവുകളും ഉള്‍പ്പെടെ വെള്ളിയാഴ്ച വിഴിഞ്ഞം പോലീസിനും സിറ്റി കമ്മിഷണര്‍ക്കും ഡി.ജി.പി.ക്കും പരാതി നല്‍കും. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കും.

-ലത ഇന്ദ്ര, സെക്രട്ടറി, പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം

ശിക്ഷിക്കാന്‍ വകുപ്പുണ്ട്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 428, 429 വകുപ്പുകള്‍ പ്രകാരം നായ്ക്കളെ കൊല്ലുന്നതും അംഗഭംഗം വരുത്തിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഐ.പി.സി. 428-ാം വകുപ്പുപ്രകാരം 10 രൂപയില്‍ കൂടുതല്‍ വിലയുള്ള മൃഗത്തെയും 429-ാം വകുപ്പ് പ്രകാരം 50 രൂപയ്ക്ക് മുകളില്‍ വിലയുള്ള മൃഗങ്ങളെയും കൊല്ലുന്നതും അംഗഭംഗം വരുത്തുന്നതും വിഷം നല്‍കുന്നതും കുറ്റകരമാണ്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. എന്നാല്‍, പരാതിക്കാര്‍ പലപ്പോഴും പിന്‍വാങ്ങുന്നതാണ് കുറ്റവാളികളായവര്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാന്‍ പ്രധാന കാരണം..

Content Highlights: Nazriya Nazim, Poornima indrajith demand Justice for Bruno, labrador dog, social media protest