കോവിഡ് കാലത്തെ ആശങ്കകളെ അകറ്റി സിനിമയും തീയേറ്ററും സജീവമായിക്കൊണ്ടിരിക്കുന്ന വേളയിൽ ഈ വാരം മൂന്ന് ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.  ഈ മൂന്ന് ചിത്രങ്ങളും ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അതിൽ രണ്ടെണ്ണത്തിൽ നായകനായെത്തുന്നത് കുഞ്ചാക്കോ ബോബനാണെന്നതും ശ്രദ്ധേയം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന നിഴൽ, നായാട്ട്  എന്നീ ചിത്രങ്ങൾക്ക് പുറമേ മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറൻ ചിത്രമെന്ന ഖ്യാതിയോടെ പുറത്തിറങ്ങുന്ന ചതുർമുഖവും ഈ  വാരം പ്രേക്ഷകരിലേക്കെത്തും

ഭയപ്പെടുത്താൻ 'ചതുർമുഖ'വുമായി മഞ്ജുവും സണ്ണിയും ഏപ്രിൽ 8-ന് എത്തുന്നു
 
മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചതുർമുഖം ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ടെക്നോ- ഹൊറർ  ചിത്രമായി ഒരുങ്ങുന്ന ചതുർമുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു 'സ്മാർട്ട് ഫോൺ' ആണ്. 

രഞ്ജിത്ത് കമല ശങ്കറും, സലിൽ.വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ  ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവഹിക്കുന്നു.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവഹിചിരിക്കുന്നത്. 

'നായാട്ടു'മായി ചാക്കോച്ചൻ, ഏപ്രിൽ 8-ന് റിലീസ്

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ എട്ടിന് തീയേറ്ററുകളിലേക്ക് എത്തുന്നു. 

പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നിമിഷയും ജോജുവും പോലീസ് വേഷത്തിൽ തന്നെയാണ് എത്തുന്നത്. ഷാഹി കബീറാണ് തിരക്കഥ .

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണൻ, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക് ഫ്രെയിംസ് റിലീസ് ആണ് വിതരണം.

നയൻതാരയും കുഞ്ചാക്കോ ബോബനും ആ​ദ്യമായി ഒന്നിക്കുന്ന 'നിഴൽ', ഏപ്രിൽ 9-ന് 

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 9ന് തീയേറ്ററുകളിലെത്തും. എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി.നാഥ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

സിനിമയുടെ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍, സംഗീതം സൂരജ്.എസ്.കുറുപ്പ്, സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പി.ആര്‍.ഒ പി.ശിവപ്രസാദ്.

ധനുഷ്- മാരി സെൽവരാജ്  ചിത്രം കർണൻ ഏപ്രിൽ 9-ന് 

ധനുഷ് നായകനായെത്തുന്ന മാരി സെൽവരാജ് ചിത്രം കർണൻ ഏപ്രിൽ‌ 9 ന് പ്രദർശനത്തിനെത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം.

Content Highlights : Latest Movie Releases Nayattu Chathurmukham And Nizhal Release Dates