നയൻതാരയും വിഘ്നേഷ് ശിവനും, നയൻതാരയുടെ വിവാഹ ക്ഷണക്കത്ത് | ഫോട്ടോ: www.instagram.com/wikkiofficial/
തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതി പുറത്തുവന്നു. തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കും. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം.
വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.
ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇറങ്ങാനുള്ളത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിലും നയൻതാരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇനി സംവിധാനം ചെയ്യുന്നത്. എ.കെ 62 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലിക പേര്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..