സൂപ്പർഹിറ്റ് മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ നയൻതാര നായികയായെത്തുമെന്ന വാർത്തകൾ മുമ്പ് പുറത്ത് വന്നിരുന്നു. ചിര‍ഞ്ജീവി നായകനായെത്തുന്ന ചിത്രത്തിൽ താരത്തിന്റെ പ്രണയിനിയായാണ് നയൻതാര എത്തുകയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയിൽ ചിരഞ്ജീവിയുടെ താത്പര്യ പ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയെന്നും ചിരഞ്ജീവിയുടെയും നയൻതാരയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയം പറയുന്ന ഫ്ലാഷ്ബാക്ക് രം​ഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തുമെന്നും പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ശിവ കൊരട്ടാലയുടെ ആചാര്യ പൂർത്തിയായ ഉടനെ പുതിയ ചിത്രത്തിന്റെ  ഷൂട്ടിങ്ങ് ആരംഭിക്കും. ഇത് രണ്ടാം തവണയാണ് നയൻതാര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ നായികയായി നയൻസ് വേഷമിട്ടിരുന്നു. 

ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകൾ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടർന്നാണ് തമിഴ് സംവിധായകൻ മോഹൻരാജ ഈ പ്രൊജക്ടിന്റെ ഭാ​ഗമാകുന്നത്. നേരത്തെ തിരക്കഥയിൽ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാൽ റീമേക്ക് ഉപേക്ഷിക്കുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ നിർമിക്കുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം. 

content highlights : Nayanthara to romance megastar Chiranjeevi in lucifer telugu Mohan Raja directorial