രാജാറാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ പുറത്ത് വന്നിട്ട് നാളുകളായി. ഇപ്പോഴിതാ ചിത്രത്തിൽ ഷാരൂഖിന്റെ നായികയായെത്തുന്നത് നയൻതാരയാകുമെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ വാർത്തയിൽ സംവിധായകന്റെയോ താരങ്ങളുടെയോ ഭാ​ഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വരുന്ന വാർത്തകൾ സത്യമാണെങ്കിൽ അറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായി മാറും ഇത്. സാങ്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുക എന്നും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബി​ഗ് ബഡ്‌ജറ്റ് ചിത്രമായൊരുക്കുന്ന ഈ പ്രോജക്ടിന്റെ ജോലികൾ നടന്നു വരികയാണെന്നും അണിയറപ്രവർത്തകർ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാന്റെ തിരക്കുകളിലാണ് ഷാരൂഖ് ഇപ്പോൾ. ദീപിക പദുക്കോൺ നായികയായെത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നേട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

content highlights : Nayanthara to be opposite Shah Rukh Khan in Atlees bollywood debut directorial