ഓരോ ചിത്രം വരുമ്പോഴും ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം കൂടുതല്‍ മികവുറ്റതാക്കുകയാണ് നടി നയനന്‍താര. മറ്റേതു നായികമാരേക്കാളും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സമര്‍ഥയാണ് നയന്‍സ്. അതുകൊണ്ട് തന്നെ ആരാധക മനസുകളില്‍ പ്രത്യേക സ്ഥാനമാണ് ഈ താരത്തിന്. ഓരോ നയന്‍താരാ സിനിമകളേയും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

നയന്‍താര നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇമൈക്കാ നൊടികള്‍ (കണ്ണിമയ്ക്കാത്ത വിനാഴികകള്‍ ). അഥര്‍വ്വയാണ് നായകന്‍. വിജയ് സേതുപതി നയന്‍താരയുടെ ഭര്‍ത്താവായി ഗസ്റ്റ് റോളില്‍ പ്രത്യക്ഷപ്പെടുന്നു. റാഷി ഖന്നയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലും ചുവടു വെയ്ക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ്‌ അനുരാഗ് കശ്യപ്. ഡിമോണ്ടി കോളനി എന്ന ത്രില്ലര്‍ സിനിമയുടെ സംവിധായകനായ ആര്‍. അജയ്ജ്ഞാനമുത്താണ് ഇമൈക്കാ നൊടികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

ദുരൂഹതകളാല്‍  ആവരണം ചെയ്യപ്പെട്ട ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്റ്റണ്ട് ശിവ ചിട്ടപെടുത്തിയ  ചിത്രത്തിലെ ഹൈലൈറ്റായ ഒരു സൈക്കിള്‍ സംഘട്ടന രംഗം  ബാംഗ്ലൂരില്‍ വെച്ച അഞ്ചു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രണവും ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഇമൈക്കാ നൊടികളുടെ ടീസര്‍ യൂട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. സസ്‌പെന്‍സ് റൊമാന്റിക് ത്രില്ലറായ  ഇമൈക്കാ നൊടികള്‍  പ്രകാശ്  ഫിലിംസ് ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.

content highlights: nayanthara's new movie imaikkaa nodigal