ചെന്നൈ: ചെന്നൈയിലെ ഏറ്റവും വിലയേറിയ പാർപ്പിട മേഖലയായ പോയസ് ഗാർഡനിൽ നടി നയൻതാരയ്ക്കും വീട്. മുൻമുഖ്യമന്ത്രി ജയലളിത, സൂപ്പർതാരം രജനീകാന്ത് എന്നിവരുടെ വീടും ഇവിടെയാണ്. നാല് കിടപ്പുമുറികളുള്ള വീട് നയൻതാര വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിനുശേഷം ഇരുവരും ഇവിടെയാകും താമസമെന്നാണ് സൂചന. രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷും പോയസ് ഗാർഡനിൽ വീട് നിർമിക്കുന്നുണ്ട്. രജനിയുടെ വീടിന് സമീപത്താണിത്.

അടുത്തിടെയാണ് നയൻതാര വിഘ്നേശുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പരസ്യമാക്കുന്നത്. 2022 ആദ്യത്തിൽ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇക്കഴിഞ്ഞ നവംബർ 18നാണ് നയൻതാര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. വിഘ്നേശിനൊപ്പം തന്റെ പുതിയ ചിത്രമായ കാത്തു വാക്കുല രെണ്ടു കാതലിന്റെ ലൊക്കേഷനിലായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. ചിത്രം സംവിധാനം ചെയ്യുന്നതും വിഘ്നേശ് തന്നെയാണ്. സാമന്തയും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

Content Highlights : Nayanthara New House Buys Four Bhk Apartment in Chennai's Poes Garden