സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. കുടുംബത്തെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറ്റിനിർത്താറുള്ള താരം അടുത്തിടെ തന്റെ അച്ഛനെ കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിനിടെയാണ് അച്ഛൻ കുര്യനെക്കുറിച്ച് വികാരാധീനയായി നയൻതാര സംസാരിച്ചത്.

ജീവിതം തിരിച്ചു കറക്കി ഒരു കാര്യം മാറ്റാൻ അ​വസരം ലഭിച്ചാൽ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

"അച്ഛൻ ഒരു എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വർഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോ​ഗബാധിതനാകുന്നത്. ഞാൻ സിനിമയിൽ വന്ന് രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിൽ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്." കണ്ണീരോടെ നയൻതാര പറയുന്നു.

നേരത്തെ ഇതേ അഭിമുഖത്തിൽ തന്റെ വിവാഹനിശ്ചയം സംബന്ധിച്ച അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചിരുന്നു.തമിഴ് സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് നിരവധി വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ട് അഭിമുഖത്തിനിടെ നയൻതാര പറഞ്ഞ കാര്യങ്ങളും വൈറലായി മാറി. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്മെന്റ് റിങ്' എന്ന് നയൻതാര മറുപടി നൽകുന്നുണ്ട്. വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് കയ്യിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിർ കൂട കോർത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

content highlights : nayanthara gets emotional during an interview while talking about her father