തമിഴ് സിനിമാ മേഖലയിലെ ദിവസവേതന ജീവനക്കാര്‍ക്ക് സഹായവുമായി നയന്‍താര. ഇവര്‍ക്കുള്ള സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി.

ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. നയന്‍താര ഉള്‍പ്പടെ രണ്ട് നായികമാരാണ് സാമ്പത്തിക സഹായം നല്‍കിയത്. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. 

കോവിഡ് ഭീതിയെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. 

സാമ്പത്തിക സഹായത്തിന് പുറമേ ഇവര്‍ക്കുള്ള അരിയും മറ്റു പലചരക്ക് സാധനങ്ങളും പല താരങ്ങളും എത്തിച്ചുകൊടുത്തിരുന്നു.

തമിഴില്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താല്‍ക്കാലികമായി മുടങ്ങിക്കിടക്കുന്നത്. ഏപ്രില്‍ 14-ന് ലോക്ക്ഡൗണ്‍ സമയം അവസാനിക്കുന്നതോടെ ചിത്രീകരണം എത്രയും പെട്ടന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

Content Highlights : Nayanthara donates Rs 20 lakh to FEFSI workers Coronavirus Lockdown