തെന്നിന്ത്യൻ നടി നയൻ‌താരയും സംവിധായകൻ വിഗ്നേശ് ശിവനുമായുള്ള  വിവാഹം‍  ഔദ്യോഗികമായി  സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം നയൻതാര സ്ഥിരീകരിച്ചത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം  പങ്കെടുത്ത ചടങ്ങിലായിരുന്നു നിശ്ചയമെന്നും സ്വകാര്യത ഇഷ്ടപ്പെടുന്നവരാണെങ്കിലും വിവാഹം ആരാധകരെ അറിയിക്കുമെന്നും നയൻസ് വ്യക്തമാക്കി. വിഘ്നേശിനെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു. ജോലിയോടുളള തന്റെ പാഷൻ കൂടിയത് വിഘ്നേശിനെ കണ്ടുമുട്ടിയതിൽ പിന്നെയാണെന്ന് പറഞ്ഞ നയൻതാര സ്വപ്നങ്ങൾ കാണാനും ലക്ഷ്യങ്ങൾ നേടാനും പ്രചോദിപ്പിക്കുന്നത് വിഘ്നേശാണെന്നും വ്യക്തമാക്കി. താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതാക്കാൻ വിഘ്നേശ് ശ്രമിക്കാറുണ്ടെന്നും ഒരു കാര്യത്തിലും തനിക്ക് വിഘ്നേശിനോട് അനുവാദം ചോദിക്കേണ്ടി വരാറില്ലെന്നും എങ്കിൽ പോലും എല്ലാ കാര്യങ്ങളും വിഘ്നേശിനോട് താൻ പറയാറുണ്ടെന്നും നയൻ കൂട്ടിച്ചേർക്കുന്നു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് കയ്യിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിർ കൂട കോർത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

content highlights : Nayanthara confirms engagement with director Vignesh Shivan