കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. 40 വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക.

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്.  പിന്നീട് 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. നാല് പതിറ്റാണ്ടിനു ശേഷം 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്.

വിഘ്‌നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നയന്‍സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

nayanthara

കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നടി തൃഷയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് രജനി എത്തിയത്. 

ചിരഞ്ജീവി ചിത്രം 'സൈ രാ', വിജയ് നായകനായെത്തുന്ന ബിഗില്‍, രജനിക്കൊപ്പം ദര്‍ബാര്‍ എന്നിവയാണ് നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍. ഇത് നാലാം തവണയാണ് നയന്‍താര രജനിയുടെ നായികയായി വേഷമിടുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍സിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 

Content Highlights : Nayanthara and Vignesh Shivan visit Athi Varadar Temple In Kanchipuram