നയന്‍താരയും നിവിന്‍ പോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ലൗ ആക്ഷന്‍ ഡ്രാമ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജു വര്‍ഗീസാണ്.
സിനിമയുമായി ബന്ധപ്പെട്ട് അജു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താര രണ്ട് ചെക്ക് പിടിച്ചു നില്ക്കുന്ന ചിത്രമാണത്. മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ടു ചെക്കും ബൗണ്‍സ് എന്നാണ് അടിക്കുറിപ്പ്. ഇതോടെ അജുവിനെ കളിയാക്കി ആരാധകരും രംഗത്തെത്തി.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമെന്ന നിലയില്‍ ലൗ ആക്ഷന്‍ ഡ്രാമ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. മാത്രവുമല്ല ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭവും.
തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. ശ്രീനിവാസന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാല്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഭര്‍ത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ മകന് ശോഭയെയും ദിനേശനെയും പ്രേക്ഷകര്‍ക്ക് മുന്പിലെത്തിക്കുകയാണ്.
പേരുകള്‍ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭര്ത്താക്കന്മാരായാണ് നിവിനും നയന്‍സും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസന്, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബിലെ അഭിനേതാക്കളായി നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.
സംഗീതം- ഷാന്‍ റഹ്മാന്, ഛായാഗ്രാഹണം- ജോമോന് ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്ഷന്.
Content Highlights: Nayanthara, Aju Varghese, Love action drama, Nivin Pauly, producer funny post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..